ഭുവനേശ്വർ: പുരി ജഗന്നാഥ ക്ഷേത്രത്തിലെ മഹാപ്രസാദം ഭക്തർക്ക് സൗജന്യമായി വിതരണം ചെയ്യാൻ ഒഡീഷ സർക്കാർ. തീരുമാനം ഉടൻ യാഥാർത്ഥ്യമാകുമെന്ന് ഒഡീഷ നിയമമന്ത്രി പൃഥ്വിരാജ് ഹരിചന്ദൻ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
മഹാപ്രസാദത്തിന്റെ സൗജന്യ വിതരണത്തിന് സർക്കാരിന് പ്രതിവർഷം 14 മുതൽ 15 കോടി രൂപവരെ അധിക ചെലവ് വരുമെന്ന് ഹരിചന്ദൻ പറഞ്ഞു. സാമ്പത്തിക സഹായത്തിനായി നല്ലവരായ കുറച്ചു ഭക്തരെ ഈ സംരംഭത്തിൽ പങ്കാളികളാക്കുമെന്നും ചിലർ ഈ നീക്കത്തെ പിന്തുണച്ച് സഹായം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പുണ്യമായ കാർത്തിക മാസത്തിനു ശേഷമായിരിക്കും ഇത് നടപ്പിലാക്കുക.
‘കാർത്തിക’ മാസത്തിൽ പ്രത്യേക ആചാരങ്ങൾ അനുഷ്ഠിക്കുന്ന സ്ത്രീകൾക്ക് (ഹാബിസ്യാലികൾ) പ്രത്യേക ക്രമീകരണങ്ങൾ ക്ഷേത്രത്തിൽ ഏർപ്പെടുത്തിയതാണ് മന്ത്രി അറിയിച്ചു. ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിലെ ദർശനം കാര്യക്ഷമമാക്കാൻ സർക്കാർ പദ്ധതി തയ്യാറാക്കുന്നുണ്ട്. 12-ാം നൂറ്റാണ്ടുമുതലുള്ള ക്ഷേത്രത്തിൽ ദർശനം നടത്താനെത്തുന്നവർക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാൻ പ്രത്യേക സംവിധാനമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















