പത്തനംതിട്ട: ശബരിമല മണ്ഡല വിളക്ക്-മകരവിളക്ക് തീർത്ഥാടന കാലത്ത് വാഹനം പാർക്ക് ചെയ്യുന്നതിന് ഈടാക്കുന്ന ചാർജ് വിവരങ്ങൾ പുറത്ത്. 26 സീറ്റോ അതിലധികമോ ഉള്ള ബസുകൾക്ക് 100 രൂപയാണ് പാർക്കിംഗ് ഫീസ്. ഫാസ് ടാഗ് ഇല്ലെങ്കിൽ 25 ശതമാനം അധികം നൽകണം. അപ്പോൾ ഫീസ് 125 രൂപയാകും.
15 മുതൽ 25 സീറ്റ് വരെയുള്ള മിനി ബസിന് 75 രൂപയും അഞ്ച് മുതൽ 14 സീറ്റുവരെയുള്ള വാഹനങ്ങൾക്ക് 50 രൂപയും നാല് സീറ്റുവരെയുള്ള കാറിന് 30 രൂപയുമാണ് ഫീസ്. ഓട്ടോറിക്ഷയ്‌ക്ക് 15 രൂപയുമാകും ഫീസ്. 24 മണിക്കൂറാണ് പാർക്കിംഗ് ഫീസ്.
കേരള സർക്കാരിന്റെയും മറ്റ് സംസ്ഥാനങ്ങളുടെയും ഔദ്യോഗിക വാഹനങ്ങൾക്കും ദേവസ്വം ബോർഡിന്റെയും സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷന്റെയും ബസുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങളുടെ വാഹനങ്ങൾക്കും പാർക്കിംഗ് ഫീസില്ല. നിലയ്‌ക്കലിൽ നിലവിൽ 8,000 വാഹനങ്ങൾക്ക് പാർക്കുചെയ്യാനുള്ള സൗകര്യമാണുള്ളത്. 2,000 വാഹനങ്ങൾ കൂടി പാർക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കുകയാണ്. ഫീസ് പിരിക്കാൻ കരാറെടുത്ത ആൾതന്നെ ഫാസ് ടാഗ് ഗേറ്റ് സ്ഥാപിക്കണം.















