തിരുവനന്തപുരം : നല്ല മനുഷ്യനാക്കാനുള്ള കേന്ദ്രങ്ങളായിട്ടാണ് മദ്രസകൾ പ്രവർത്തിക്കുന്നതെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം പി.മദ്രസകൾ അടച്ചു പൂട്ടി ഒരു സമുദായത്തിന്റെ അവകാശങ്ങളെ ഹനിക്കരുത് . സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണ നിലവാരം മെച്ചപ്പെടുത്താൻ വേണ്ട സൗകര്യങ്ങൾ വികസിപ്പിക്കുകയാണ് വേണ്ടത്.
ഇസ്ലാം മത വിശ്വാസികൾക്ക് ഒരു വിശ്വാസി എന്ന നിലയിൽ ആചാരങ്ങളും അനുഷ്ഠാനങ്ങളും മത മൂല്യങ്ങളും തത്വങ്ങളും വിധി വിലക്കുകളും സ്വായത്തമാക്കി ഒരു നല്ല മുസ്ലീമും അതിലൂടെ നല്ല മനുഷ്യനുമാക്കാനുള്ള കേന്ദ്രങ്ങളാണ് മദ്രസകൾ . ഉത്തമ പൗരന്മാരെ സൃഷ്ടിക്കുന്ന ഇടങ്ങൾ കൂടിയാണിത് .മദ്രസകൾ രാജ്യവിരുദ്ധമല്ലെന്നും കുഞ്ഞാലിക്കുട്ടി പറയുന്നു.
മദ്രസകൾക്കു സർക്കാർ ധനസഹായം നൽകുന്നത് നിർത്തണമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ പറഞ്ഞതിന് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം . മുസ്ലീം വിദ്യാർത്ഥികളെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിൽ മദ്രസകൾ പരാജയപ്പെട്ടുവെന്നും വിദ്യാഭ്യാസ അവകാശനിയമത്തിന് എതിരായാണ് പ്രവർത്തിക്കുന്നതെന്നും കമ്മീഷൻ പറയുന്നു.















