പത്തനംതിട്ട: ജില്ലാ കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധ ധർണയുമായി അയ്യപ്പ സേവാ സമാജം. യോഗക്ഷേമ സഭ സംസ്ഥാന പ്രസിഡൻ്റ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടാണ് ധർണ ഉദ്ഘാടനം ചെയ്തത്. ഓൺലൈൻ വഴി മാത്രം ദർശനം നൽകാനുള്ള തീരുമാനം പിൻവലിക്കുക, സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ പുനഃസ്ഥാപിക്കുക, ശബരിമല തീർത്ഥാടനം സുഗമമാക്കുക, നിയന്ത്രണങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ധർണ നടത്തുന്നത്.
മറ്റ് പല ആചാരങ്ങളുടെ ആശയത്തിൽ ശബരിമല ആചാരത്തെ ചിന്തിച്ചാൽ ശരിയാകില്ലെന്നും തിരുപ്പതിയോ പഴനിയോ പോലുള്ള സങ്കൽപമല്ല ശബരിമലയിലെന്നും അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് പറഞ്ഞു. 41 ദിവസം വ്രതശുദ്ധിയോട് കൂടി പവിത്രമായി വേണം ശബരിമല തീർത്ഥാടനം നടത്താൻ. ഭക്തനെ സാത്വികനാക്കിയെടുക്കുന്ന ശബരിമല തീർത്ഥാടനത്തിന്റെ ആഴവും പരപ്പും മറ്റ് പലയിടത്തും മറ്റ് പലയിടത്തും പരീക്ഷിക്കരുത്. ദേവസ്വം ബോർഡിലെ ആളുകൾ പറയുന്നത് അതുപോലെയാക്കി തരാം എന്നൊക്കെയാണ്. അങ്ങനെയൊരു സങ്കൽപമല്ല ശബരിമലയിലേതെന്നും അദ്ദേഹം പറഞ്ഞു.
2018-ന് മുൻപ് ഒരു കോടിയിലധികം പേർ ശബരിമല സീസണിൽ ദർശനം നടത്തിയിട്ടുണ്ട്. ഓൺലൈൻ ബുക്കിംഗ് നേടിയെടുക്കണമെങ്കിൽ ആദ്യം കാണിക്ക ഇടേണ്ടത് അക്ഷയ സെൻ്ററിലാണ്. അവിടെ പോയി തൊഴുത് പ്രാർത്ഥിച്ചാൽ മാത്രമേ സ്ലോട്ട് കിട്ടൂ. ഒരു തവണ കിട്ടാതെ പോയാൽ പിന്നെ ഈ സീസണിലെ കിട്ടില്ലെന്ന പ്രശ്നവും ഇതിനുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കഷ്ടപ്പെടുന്ന സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് ഒരു തരത്തിലും പരിഹാരമല്ലിതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പ്രാവശ്യം നടന്നുപോയത് പോലെ നടക്കുമെന്ന് ധരിക്കുന്നത് ശരിയല്ല. വിശ്വഹിന്ദു പരിഷത്തും ഹിന്ദു ഐക്യവേദിയും ഉൾപ്പടെ അയ്യപ്പനുമായി ബന്ധപ്പെട്ട എല്ലാ പ്രസ്ഥാനങ്ങളും ഒത്തുചേരും. ഹൈന്ദവരുടെ ആചാരങ്ങൾ സംരക്ഷിക്കപ്പെട്ടെ മതിയാകൂ. ഭക്തിയും വിശ്വാസവും സംരക്ഷിക്കാനാണ് എല്ലാ നിയമങ്ങളും. മാലയിട്ടവർ ശബരിമലയിൽ എത്തി തൊഴുതേ മതിയാകൂ. അവിടെ ചെന്ന് തൊഴുത് പോയില്ലെങ്കിൽ അവരുടെ ശാപം സമൂഹത്തിന് തന്നെ ലഭിക്കും. ആചാരലംഘനത്തിനെതിരെ ശക്തമായി നീങ്ങുമെന്നും ഹൈന്ദവ സംഘടനകൾ ഉണർന്ന് കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അയ്യപ്പ സംഘടനകൾ ഒരു രാഷ്‌ട്രീയത്തിനും മതത്തിനും എതിരല്ല. ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കുകയാണ് ലക്ഷ്യം. ആചാരപരമായി പ്രതിഷ്ഠാ സങ്കൽപത്തോട് ഇഴുകി ചേർന്നിരിക്കുന്ന ധാർമിക സങ്കൽപമാണ് ഭസ്മക്കുളം. അത് അങ്ങോട്ടുമിങ്ങോട്ടും മാറ്റുകയെന്നത് ആചാരത്തെ നിഷേധിക്കുന്നതിന് തുല്യമാണ്. ആ അടിസ്ഥാനങ്ങളെ സംരക്ഷിക്കണം, പമ്പ സംരക്ഷിക്കണം, പമ്പ വിളക്കും പമ്പ സദ്യയുമൊക്കെ ആചാരവുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കഴിഞ്ഞ ദിവസം ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. വരും ദിവസങ്ങളിൽ നാമജപ പ്രതിഷേധമടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കാനും തീരുമാനിച്ചിട്ടുണ്ട്.