ന്യൂഡല്‍ഹി: ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡിന് (എച്ച്എഎല്‍) മഹാരത്ന പദവി നല്‍കി കേന്ദ്ര ധനമന്ത്രാലയം. ധനകാര്യ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഇൻ്റർ മിനിസ്റ്റീരിയൽ കമ്മിറ്റിയും (ഐഎംസി) കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അപെക്‌സ് കമ്മിറ്റിയും ഈ നിർദ്ദേശം നേരത്തെ ശുപാർശ ചെയ്തിരുന്നു .
മഹാരത്ന പദവി ലഭിക്കുന്ന 14-ാമത്തെ പൊതുമേഖലാ സ്ഥാപനമാണ് എച്ച്എഎല്‍. മഹാരത്ന പദവി നല്‍കിയതിനു പിന്നാലെ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ഓഹരികൾ 2 ശതമാനത്തിലധികം ഉയർന്ന് 4,544.80 രൂപയിലെത്തി.
മഹാരത്‌ന പദവി എച്ച്എഎല്ലിന് പ്രവർത്തനപരവും സാമ്പത്തികവുമായ സ്വയംഭരണം നൽകുന്നതാണ്. സർക്കാർ അനുമതിയില്ലാതെ പദ്ധതികളിൽ അതിന്റെ ആസ്തിയുടെ 15% വരെ നിക്ഷേപം നടത്താനും 5,000 കോടി രൂപ വരെ വിദേശ സംരംഭങ്ങളിൽ നിക്ഷേപിക്കാനും ഇനി കഴിയും.ഡിപ്പാർട്ട്മെൻ്റ് ഓഫ് ഡിഫൻസ് പ്രൊഡക്ഷന് (DoDP) കീഴിൽ പ്രവർത്തിക്കുന്ന HAL, 2023-24 സാമ്പത്തിക വർഷത്തിൽ 28,162 കോടി രൂപയുടെ വിറ്റുവരവും 7,595 കോടി രൂപയുടെ അറ്റാദായവും നേടിയിരുന്നു.
മഹാരത്‌ന പദവിക്ക് യോഗ്യത നേടുന്നതിന്, ഒരു പൊതുമേഖലാ സ്ഥാപനം, ശരാശരി വിറ്റുവരവ് ₹25,000 കോടിയിൽ കൂടുതലും, ശരാശരി വാർഷിക ആസ്തി ₹15,000 കോടിയിൽ കൂടുതലും, കഴിഞ്ഞ മൂന്ന് വർഷങ്ങളിലെ ശരാശരി അറ്റാദായം ₹5,000 കോടിയും ഉൾപ്പെടെയുള്ള പ്രത്യേക സാമ്പത്തിക മാനദണ്ഡങ്ങൾ പാലിക്കണം. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ മഹാരത്‌ന പദവി നേടിയ ഏറ്റവും പുതിയ കമ്പനിയാണ് ഓയിൽ ഇന്ത്യ.















