സ്വീഡൻ: 2024 ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മൂന്ന് സാമ്പത്തിക ശാസ്ത്രജ്ഞരാണ് ഇത്തവണ പുരസ്കാരം പങ്കിടുന്നത്. ഡാരൺ അസെമോഗ്ലു, സൈമൺ ജോൺസൺ, ജെയിംസ് എ റോബിൻസൺ എന്നിവരാണ് സാമ്പത്തിക നൊബേലിന് അർഹരായത്. സ്ഥാപനങ്ങൾ എങ്ങനെ രൂപപ്പെടുന്നുവെന്നും അത് രാജ്യത്തിന്റെ അഭിവൃദ്ധിയെ എങ്ങനെ സ്വാധീനിക്കുകയും ചെയ്യുന്നു എന്നതിനെക്കുറിച്ചുള്ള പഠനങ്ങൾക്കാണ് പുരസ്‌കാരം.
ഡാരോൺ അസെമോഗ്ലു തുർക്കിയിൽനിന്നുള്ള സാമ്പത്തിക വിദഗ്ധനാണ്. അതേസമയം സൈമൺ ജോൺസൺ ബ്രിട്ടീഷ് പൗരനാണ്. ഇരുവരും അമേരിക്കയിലെ കേംബ്രിഡ്ജിലുള്ള മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പ്രൊഫസർമാരാണ്.
ജെയിംസ് എ. റോബിൻസൺ നിലവിൽ അമേരിക്കയിലെ ചിക്കാഗോ സർവകലാശാലയിലെ അദ്ധ്യാപകനാണ്. ഇവരുടെ പഠനങ്ങൾ സ്ഥാപനങ്ങൾ ഒരു രാജ്യത്തിന്റെ അഭിവൃദ്ധിക്ക് എത്രത്തോളം പ്രധാനമാണെന്ന് തെളിയിച്ചതായി നൊബേൽ പ്രൈസ് ഓർഗനൈസേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.















