കൊച്ചി: അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹം മോർച്ചറിയിൽ തന്നെ സൂക്ഷിക്കും. മൃതദേഹം മെഡിക്കൽ കോളേജിന് വിട്ടുനൽകുന്നതിനെതിരെ മകൾ ആശ ലോറൻസ് നൽകിയ ഹർജി ഹൈക്കോടതി വെള്ളിയാഴ്ച്ചത്തേക്ക് മാറ്റി. തുടർന്നാണ് മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കുമെന്ന ഇടക്കാല ഉത്തരവ് തുടരുമെന്ന് കോടതി വ്യക്തമാക്കിയത്.
എതിർ കക്ഷികളുടെ സത്യവാങ്മൂലത്തിന് മറുപടി സമർപ്പിക്കാനായിട്ടാണ് ഹർജി വെള്ളിയാഴ്‌ച്ചത്തേക്ക് മാറ്റിയത്. കളമശ്ശേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ നടന്ന ഹിയറിങ്ങ് നിയമപരമല്ലെന്നും മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കാൻ വിട്ടു കിട്ടണമെന്നുമാവശ്യപ്പെട്ടാണ് മകൾ ആശ കോടതിയെ സമീപിച്ചത്.
മൃതദേഹം മെഡിക്കൽ കോളജിന് കൈമാറണമെന്ന് എം.എം ലോറൻസ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി മകൻ സജീവ് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ മറ്റൊരു മകളായ സുജാത ഇതിനുളള സമ്മതം മെഡിക്കൽ കോളജിൽ നടത്തിയ ഹിയറിങ്ങിൽ പിൻവലിച്ചെന്നാണ് ആശ കോടതിയെ അറിയിച്ചത്. സെപ്റ്റംബർ 21നാണ് എംഎം ലോറൻസ് കൊച്ചിയിൽ അന്തരിച്ചത്.
എംഎം ലോറൻസിന്റെ ഭാര്യയുടെ ഭൗതികശരീരം പളളിയിലാണ് സംസ്‌കരിച്ചതെന്നും എംഎം ലോറൻസ് ഇപ്പോഴും ഇടവകാംഗമാണെന്നും കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ ആശ കോടതിയെ ബോധിപ്പിച്ചിരുന്നു. അച്ഛൻ പാർട്ടി നേതാവായിരിക്കാം. പക്ഷെ ഭൗതികശരീരം രാഷ്‌ട്രീയത്തിന്റെ ഭാഗമല്ലെന്നും ആശ വാദിച്ചിരുന്നു. എംഎം ലോറൻസ് ജീവിച്ചിരുന്നപ്പോൾ തന്നെ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കുന്ന പല തുറന്നുപറച്ചിലുകളും ആശ നടത്തിയിരുന്നു.