ന്യൂഡൽഹി: ഡീസലിൽ 15 ശതമാനം എഥനോൾ കലർത്തുന്നതുമായി ബന്ധപ്പെട്ട ഗവേഷണം അവസാനഘട്ടത്തിലാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. കൃത്യമായ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഇതിന് മുൻഗണന നൽകാനുള്ള വഴികൾ കേന്ദ്രസർക്കാർ അന്വേഷിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ 2024 ലെ ബയോ എനർജി ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രസർക്കാരിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ എഥനോൾ മിശ്രിത നിർമ്മാണം 2014-ൽ 1.53 ശതമാനമായിരുന്നു. ഇത് 2024-ൽ 15 ശതമാനമായി ഉയർന്നു. ഈയൊരു പുരോഗതി കണക്കിലെടുത്ത് 2025 ഓടെ പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ഗഡ്കരി പറഞ്ഞു.
എഥനോൾ എക്കോസിസ്റ്റം നിർമ്മിക്കുന്നതിൽ വലിയ പുരോഗതിയിലേക്കാണ് രാജ്യം കുത്തിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കർണാടക, തമിഴ്‌നാട്, ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര എന്നീ നാല് സംസ്ഥാനങ്ങളിൽ എഥനോൾ പമ്പുകൾ നിർമ്മിക്കും. എഥനോളിൽ പ്രവർത്തിക്കാൻ കഴിയുന്ന വാഹനങ്ങൾ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യൻ ഓയിൽ കോർപറേഷൻ 400 എഥനോൾ പമ്പ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ തീരുമാനിച്ചതായും ഗഡ്കരി അറിയിച്ചു.
കേന്ദ്രം സുസുക്കി, ടാറ്റ, ടൊയോട്ട എന്നിവയുൾപ്പെടെയുള്ള വാഹന നിർമ്മാതാക്കളുമായി കൂടിക്കാഴ്ച നടത്തുകയാണ്. ഈ വാഹന നിർമ്മാതാക്കൾ ഫ്ലെക്സ് എഞ്ചിൻ കാറുകൾ പുറത്തിറക്കാൻ തീരുമാനിച്ചിട്ടുണ്ട്. മറ്റ് വാഹന നിർമ്മാതാക്കളായ ടിവിഎസ്, ബജാജ്, ഹോണ്ട എന്നിവർ എഥനോൾ ബൈക്കുകളുമായി തയ്യാറാണെന്നും ഇവ പുറത്തിറക്കാൻ എഥനോൾ പമ്പുകൾ വരുന്നതുവരെ കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.