തിരുവനന്തപുരം: ശബരിമലയിൽ വെർച്വൽ ക്യൂ മാത്രമെന്ന നിലപാടിൽ തിരുത്ത് വരുത്തി സർക്കാർ. സ്പോട്ട് ബുക്കിംഗിന് അനുമതി നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. ഓൺലൈൻ രജിസ്ട്രേഷൻ നടത്താതെയും ഈ സമ്പ്രദായത്തെക്കുറിച്ച് അറിയാതെയുമെത്തുന്ന തീർത്ഥാടകർക്കും സുഗമമായ ദർശനത്തിനുള്ള സൗകര്യമൊരുക്കുമെന്നാണ് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചത്. വി. ജോയി എംഎൽഎയുടെ സബ്മിഷന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
നിലയ്‌ക്കൽ, പമ്പ എന്നിവിടങ്ങളിൽ ആംബുലൻസ് സംവിധാനം ഏർപ്പെടുത്തുന്നതിനും 12 എമർജൻസി മെഡിക്കൽ സെൻററുകൾ ആരംഭിക്കുന്നതിനും കരിമല റൂട്ടിൽ വനം വകുപ്പുമായി സഹകരിച്ച് മെഡിക്കൽ സെൻററുകൾ ആരംഭിക്കുന്നതിനും കാർഡിയോളജിസ്റ്റുകളുടെ സേവനം ഉറപ്പുവരുത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. റോഡുകളുടെ അറ്റകുറ്റപണിക്കും കാനന പാതകളിൽ ഭക്തർക്ക് സൗകര്യങ്ങളും സംരക്ഷണവും ഒരുക്കുന്നതിനും അന്യസംസ്ഥാനത്ത് നിന്ന് എത്തുന്ന തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
തിരക്ക് നിയന്ത്രിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ മുൻകൂട്ടി സ്വീകരിക്കും. ഭക്തർ ഏത് പാതയാണ് തീർത്ഥാടനത്തിന് തെരഞ്ഞെടുക്കുന്നത് എന്ന വിവരം വെർച്ച്വൽ ക്യൂവിൽ ഉൾപ്പെടുത്തും. ഓരോ ദിവസവും ബുക്ക് ചെയ്യുന്ന തീർത്ഥാടകരുടെ എണ്ണം ജില്ലാ ഭരണകൂടത്തിനും പൊലീസിനും മറ്റ് വകുപ്പുകൾക്കും മുൻകൂട്ടി നൽകുമെന്നും സർക്കാർ അറിയിച്ചു. സ്പോട്ട് ബുക്കിംഗ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അവലോകന യോഗം ചേർന്നിരുന്നു. യോഗത്തിൽ സ്വീകരിച്ച തീരുമാനങ്ങളാണ് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചത്.
വിവിധ സംഘടനകളുടെയും രാഷ്‌ട്രീയ പാർട്ടികളും സ്പോട്ട് ബുക്കിംഗ് നിർത്തിയതിന് പിന്നാലെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ തീരുമാനം മാറ്റാൻ നിർബന്ധിതരായത്.