പത്തനംതിട്ട: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് കേരള എൻജിഒ സംഘ് ആവശ്യപ്പെട്ടു. രാഷ്ട്രീയ നേതാക്കളുടെ താല്പര്യത്തിന് കൂട്ടുനിൽക്കാത്ത ഉദ്യോഗസ്ഥരെ പിന്തുടർന്ന് ദ്രോഹിക്കുന്നതിന്റെ നേർക്കാഴ്ചയാണ് എ.ഡി.എമ്മിന്റെ ദാരുണ അന്ത്യത്തിലൂടെ വ്യക്തമാകുന്നതെന്നും എൻജിഒ സംഘ് പ്രസ്താവനയിൽ പറഞ്ഞു.
കുറ്റക്കാരെ നരഹത്യകുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് എൻ.ജി.ഒ സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. രാജേഷ് ആവശ്യപ്പെട്ടു. പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിൽ നടത്തിയ പ്രതിഷേധം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ നാട്ടിൽ പോലും സർക്കാർ ഓഫീസിനുള്ളിൽ ഉദ്യോഗസ്ഥന് അതിക്രമം നേരിടേണ്ടി വരുന്നു എന്നത് ഏറെ ഗൗരവതരമാണ്.
കണ്ണൂർ കളക്ടറേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കപ്പെടാതെ വന്നെത്തി എ.ഡി.എമ്മിനെ അധിക്ഷേപിച്ച് സംസാരിച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ധിക്കാരപരമായ നടപടിയാണ് ആത്മഹത്യയ്ക്ക് കാരണമായതെന്ന് സംശയിക്കുന്നുവെന്നും എൻജിഒ സംഘ് നേതാക്കൾ പറഞ്ഞു.
പത്തനംതിട്ടയ്ക്ക് സ്ഥലംമാറ്റം വാങ്ങിയ എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ എത്തി അദ്ദേഹത്തെ വിമർശിക്കുകയായിരുന്നു. പെട്രോൾ പമ്പിന് എൻഒസി നൽകുന്നതിൽ അഴിമതി നടത്തിയെന്ന് ആയിരുന്നു ആരോപണം. യാത്രയയപ്പിന് ശേഷം രാത്രിയോടെ പത്തനംതിട്ടയിലേക്ക് പോകാനിരുന്ന നവീൻ ബാബുവിനെ രാവിലെ പളളിക്കുന്നിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എൻ.ജി. ഹരീന്ദ്രൻ, സംസ്ഥാന സമിതി അംഗം ജി. അനീഷ്, ജില്ലാ സെക്രട്ടറി എം. രാജേഷ്, ജില്ലാ ട്രഷറർ പി. ആർ രമേശ്, എന്നിവർ പ്രസംഗിച്ചു.