എറണാകുളം: കാക്കനാട് സ്വകാര്യ ഹോസ്റ്റലിലെ താമസക്കാരായ യുവാക്കളെ നടത്തിപ്പുകാരി പൂട്ടിയിട്ടു. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഇതോടെ 5 മണിക്കൂറോളം യുവാക്കൾ കെട്ടിടത്തിൽ കുടുങ്ങിക്കിടന്നു.
കെട്ടിട ഉടമയും ഹോസ്റ്റൽ നടത്തിപ്പുകാരിയും തമ്മിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിന്റെ പ്രകോപനത്തിൽ നടത്തിപ്പുകാരി യുവാക്കളെ പൂട്ടിയിടുകയായിരുന്നു. തുടർന്ന് യുവാക്കൾ കെട്ടിട ഉടമയെ വിവരം അറിയിച്ചു. കൊച്ചിയിൽ വിവിധ സ്വകാര്യ കമ്പനികളിൽ ജോലി ചെയ്യുന്ന ജീവനക്കാരാണ് കെട്ടിടത്തിൽ കുടുങ്ങിയത്.
യുവാക്കളെ മോചിപ്പിക്കാൻ കെട്ടിട ഉടമ ആവശ്യപ്പെട്ടെങ്കിലും നടത്തിപ്പുകാരി തയാറായില്ല. ഇതോടെ കെട്ടിട ഉടമ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് പൊലീസെത്തി യുവാക്കളെ മോചിപ്പിച്ചു. ഹോസ്റ്റൽ നടത്തിപ്പുകാരിക്കെതിരെയും കെട്ടിട ഉടമയ്‌ക്കെതിരെയും കേസെടുത്തതായി പൊലീസ് അറിയിച്ചു.















