പത്തനംതിട്ട: കണ്ണൂരിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ പരസ്യമായി അവഹേളിച്ചതിൽ മനംനൊന്ത് ജീവനൊടുക്കിയ എഡിഎം നവീൻ ബാബുവിനെ അനുസ്മരിച്ച് പത്തനംതിട്ട മുൻ ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ എഴുതിയ കുറിപ്പ് ചർച്ചയാകുന്നു. താൻ ജില്ലാ കളക്ടറായിരുന്നപ്പോൾ റാന്നിയിൽ തഹസീൽദാർ ആയിരുന്ന നവീന്റെ പ്രവർത്തനങ്ങളെക്കുറിച്ചാണ് ദിവ്യ എസ് അയ്യർ കുറിച്ചത്.
റവന്യൂമന്ത്രി കെ രാജനുമൊത്തുളള ഔദ്യോഗിക നിമിഷങ്ങളുടെ ചിത്രങ്ങൾ സഹിതമായിരുന്നു ദിവ്യ എസ് അയ്യരുടെ കുറിപ്പ്. എന്നും ഞങ്ങൾക്ക് ഒരു ബലം ആയിരുന്നു തഹസീൽദാർ എന്ന നിലയിൽ റാന്നിയിൽ നവീന്റെ പ്രവർത്തനമെന്നും ഏത് പാതി രാത്രിയും, ഏതു വിഷയത്തിലും കർമ്മനിരതനാകുന്ന ഉദ്യോഗസ്ഥനായിരുന്നുവെന്നും ദിവ്യ എസ് അയ്യർ കുറിക്കുന്നു.
കുറിപ്പിന്റെ പൂർണരൂപം
പത്തനംതിട്ടയിൽ എന്റെ തഹസീൽദാരായി റാന്നിയിൽ സേവനമനുഷ്ഠിച്ചിരുന്ന കാലത്ത് പകർത്തിയ ഈ ചിത്രത്തിൽ നിങ്ങൾ ആദരണീനായ റവന്യു മന്ത്രി കെ രാജൻ, റാന്നി എം എൽ എ പ്രമോദ് നാരായണൻ എന്നിവരെ തിരിച്ചറിയുന്നുണ്ടാകും. ആദ്യ ചിത്രത്തിൽ വലതു വശം എന്റെ പുറകെ ഇളം പച്ച ഷർട്ട് ഇട്ടു മാസ്‌ക് അണിഞ്ഞു നവീൻ നിൽപ്പുണ്ട്. രണ്ടാം ചിത്രത്തിലും പുറകിൽ പിങ്ക് ഷർട്ടും മാസ്‌കും അണിഞ്ഞു നവീൻ നിൽക്കുമ്പോൾ റവന്യു മന്ത്രി വിസിറ്റഴ്സ് നോട്ട് ഇൽ അഭിനന്ദനക്കുറിപ്പ് എഴുതുന്നു.
എന്നും ഞങ്ങൾക്ക് ഒരു ബലം ആയിരുന്നു തഹസീൽദാർ എന്ന നിലയിൽ റാന്നിയിൽ നവീന്റെ പ്രവർത്തനം. ഏതു പാതി രാത്രിയും, ഏതു വിഷയത്തിലും കർമ്മനിരതനായി, ഈ ചിത്രങ്ങളിൽ എന്നപോലെ ഗോപ്യമായി, സൗമ്യനായി, നവീൻ എന്ന പ്രിയപ്പെട്ട മികച്ച സഹപ്രവർത്തകൻ ഉണ്ടാകും. ഇനി എന്നെന്നേക്കുമായി കാണാമറയത്തു പോയെന്നോർക്കുമ്പോൾ…
അമ്മ മരണപ്പെട്ട തരുണത്തിൽ ഞാൻ നവീന്റെ വീട്ടിൽ പോയിരുന്നു. എത്രമാത്രം തന്റെ അമ്മയെ ആദരിച്ചിരുന്ന മകൻ ആയിരുന്നു നവീൻ എന്ന് അന്നു ഞാൻ തിരിച്ചറിഞ്ഞു. മഞ്ജുഷയെയും കുഞ്ഞുങ്ങളെയും ആശ്വസിപ്പിക്കാൻ വാക്കുകളില്ല. ദുഃഖം പേറുവാൻ ഞങ്ങളും ഒപ്പമുണ്ട്.
പത്തനംതിട്ടയിൽ ഏറെക്കാലം ജില്ലാ കളക്ടറായി സേവനമനുഷ്ഠിച്ച ദിവ്യ എസ് അയ്യർ ശ്രദ്ധേയമായ സേവനമായിരുന്നു ജില്ലയിൽ നടത്തിയിരുന്നത്. ഇവിടെ നിന്നാണ് പിന്നീട് വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ മാനേജിംഗ് ഡയറക്ടറായി ദിവ്യ എസ് അയ്യരെ സർക്കാർ നിയമിച്ചത്.