കൊച്ചി: ഓട്ടോണമസ് പദവി നഷ്ടമായി എറണാകുളം മഹാരാജാസ് കോളേജ്. കോളേജിന് ഓട്ടോണമസ് പദവി നീട്ടി നൽകിയിട്ടില്ലെന്ന് യുജിസി രേഖ. അംഗീകാരം 2020 മാർച്ച് വരെ മാത്രമെന്നിരിക്കെ കോളേജ് നടത്തുന്ന പരീക്ഷകൾ അസാധുവാകും. ഓട്ടോണമസ് പദവി തുടരാൻ യുജിസിക്ക് അപേക്ഷ സമർപ്പിച്ചിട്ടില്ലെന്നിരിക്കെ അഫിലിയേഷൻ എം ജി സർവകലാശാല നേരിട്ട് ഏറ്റെടുക്കണമെന്നും ആവശ്യം ശക്തമാണ്.
ബിഎ പരീക്ഷ പാസാവാത്ത എസ്എഫ്ഐ നേതാവ് ഉൾപ്പെടെയുള്ളവർക്ക് എംഎ ക്ലാസിൽ പ്രവേശനം നൽകിയ മഹാരാജാസ് കോളേജിന് 2020 മാർച്ച് വരെ മാത്രമേ ഓട്ടോണമസ് പദവി യുജിസി നൽകിയിട്ടുള്ളൂവെന്നും, ഓട്ടോണമസ് പദവി തുടരുന്നതിന് കോളേജ് അധികൃതർ യുജിസി പോർട്ടലിൽ അപേക്ഷിച്ചിട്ടില്ലെന്നും യുജിസി വ്യക്തമാക്കിയിരിക്കുകയാണ്.
കോളേജ് അധികൃതർ യഥാസമയം യുജിസി ക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും, കോളേജിന്റെ ഓട്ടോമസ് പദവി നഷ്ടപ്പെട്ടിട്ടില്ലെന്നുമുള്ള കോളേജ് പ്രിൻസിപ്പലിന്റെ വിശദീകരണം കളവായിരുന്നുവെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയ്‌ക്ക് യുജിസി യിൽ നിന്നും ലഭിച്ച വിവരാവകാശരേഖകൾ വെളിപ്പെടുത്തുന്നു. പ്രിൻസിപ്പലിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ എംജി യൂണിവേഴ്സിറ്റി നൽകിയ ബിരുദങ്ങൾ അസാധുവാകും. മഹാരാജാസിന് യുജിസി യുടെ തുടർ അംഗീകാരം ഇല്ലെന്നത് മറച്ചുവച്ചാണ് യൂണിവേഴ്സിറ്റി, ഡിഗ്രി സർട്ടിഫിക്കറ്റുകൾ നൽകുന്നത്.
സിലബസ് അംഗീകരിക്കുന്നതും, ചോദ്യക്കടലാസ് തയ്യാറാക്കുന്നതും, പരീക്ഷ നടത്തിപ്പും, മൂല്യനിർണയവും, ഫല പ്രഖ്യാപനവും കോളേജിൽ തന്നെ നടത്തുന്നതുകൊണ്ട് ഈ അവസരം ഒരു വിഭാഗം അദ്ധ്യാപകരും വിദ്യാർത്ഥികളും ദുരുപയോഗം ചെയ്യുന്നതായ ആക്ഷേപം വ്യാപകമാണ് .
കോളേജിന്റെ ഓട്ടോണമസ് പദവി നഷ്ടപെട്ട സാഹചര്യത്തിൽ കോളേജിനെ എംജി യൂണിവേഴ്സിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലേക്ക് മാറ്റണമെന്നും, 2020 മാർച്ചിന് ശേഷമുള്ള വിദ്യാർത്ഥി പ്രവേശനം, ക്ലാസ്സ് കയറ്റം, പരീക്ഷ നടത്തിപ്പ് എന്നിവ പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്കും, ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകി.















