ദാമ്പത്യ ബന്ധത്തിൽ വിള്ളൽ വീണതിനെ കുറിച്ച് തുറന്നു പറഞ്ഞ് ഗായകൻ വിജയ് യേശുദാസ്. തന്റെ ഭാഗത്താണ് തെറ്റുകൾ സംഭവിച്ചതെന്നും , എന്നാൽ മാതാപിതാക്കളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ കുറച്ച് സമയം ആവശ്യമാണെന്നും വിജയ് പറഞ്ഞു. സ്വകാര്യ യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മക്കൾ എല്ലാ തീരുമാനത്തിലും തന്നെയും ദർശനയെയും പിന്തുണയ്‌ക്കുന്നുണ്ട് . മക്കൾക്ക് പ്രത്യേകിച്ച് മകൾക്ക് ഞങ്ങളുടെ അവസ്ഥയെക്കുറിച്ച് മനസിലാക്കാനുള്ള പ്രായമായി. അവൾക്ക് പക്വതയുണ്ട് . മകൾക്ക് ഇപ്പോൾ പതിനഞ്ചും മകൾക്ക് ഒൻപതും വയസാണ്. മകന് കാര്യങ്ങൾ മനസിലായി വരുന്നതേയുള്ളൂ .
അവൻ ചെറിയ രീതിയിൽ ഓരോന്ന് ചോദിച്ചു തുടങ്ങിയിരിക്കുന്നു. അവന് സാഹചര്യം മനസ്സിലായി വരുന്നതേയുള്ളു. എന്റെ ഭാഗത്താണ് തെറ്റുകൾ സംഭവിച്ചത്. അതുകൊണ്ടാണ് ഇങ്ങനെയെന്ന് അവനോടു പറയുന്നതും എളുപ്പമല്ല.
എന്റെയും ദർശനയുടെയും ഭാഗത്തു നിന്നു നോക്കുമ്പോൾ മികച്ച സാഹചര്യത്തിലൂടെ തന്നെയാണ് ഞങ്ങൾ കടന്നുപോകുന്നത്. പക്ഷേ, മാതാപിതാക്കൾ ഇത്തരം കാര്യങ്ങൾ മനസ്സിലാക്കുമെന്നും അംഗീകരിക്കുമെന്നും പ്രതീക്ഷിക്കാനാകില്ല. അതിന് കുറച്ചു സമയം ആവശ്യമാണ്.
അവർക്ക് ഇത് വേദനാജനകമായ അവസ്ഥയാണ്. ലൈംലൈറ്റിൽ നിൽക്കുമ്പോൾ ഇക്കാര്യങ്ങൾ മൂടിവയ്‌ക്കാൻ പറ്റില്ല. ഇക്കാര്യം പറഞ്ഞ് മാതാപിതാക്കളെ വേദനിപ്പിക്കേണ്ട എന്നതാണ് എന്റെ തീരുമാനം.
റിലേഷൻഷിപ്പിൽ പ്രതീക്ഷകളാണ് പലപ്പോഴും പ്രശ്നമാകുന്നത്. ജീവിതത്തിൽ എനിക്ക് മക്കളെ ഉപദേശിക്കാൻ താത്പര്യമില്ലെന്നും , വിജയ് യേശുദാസ് പറഞ്ഞു. 2007ലാണ് വിജയ് യേശുദാസും ദർശനയും വിവാഹിതരായത്. 5 വർഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം .















