ന്യൂഡൽഹി: ജനങ്ങളുടെ അടിസ്ഥാന മനുഷ്യാവകാശങ്ങൾക്ക് സംരക്ഷണം നൽകാനും മയക്കുമരുന്ന്, തീവ്രവാദം എന്നിവയിൽ നിന്ന് മുക്തമാക്കാനും കഴിയുന്ന ഒരു രാജ്യമാണ് പ്രധാനമന്ത്രി മോദിയുടെ ‘വികസിത ഭാരത്’ (വികസിത ഭാരതം) ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കഴിഞ്ഞ 75 ബാച്ചുകളേക്കാൾ വലിയ ഉത്തരവാദിത്തം ഇത്തവണ ഐപിഎസുകാരായി ഉയർന്നുവരുന്ന ബാച്ചിന് ഉണ്ടാകുമെന്നത് ട്രെയിനി ഉദ്യോഗസ്ഥർ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ ഐ.പി.എസ്. പരിശീലനം പൂർത്തിയാക്കിയ 2023 ബാച്ചിലെ 188 ട്രെയിനി ഓഫീസർമാരുമായി നടത്തിയ ചർച്ചയിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.

“പരിശീലനം പൂർത്തിയാക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥർ അവരുടെ പരിശീലന കാലയളവ് ഓർക്കണം. മുൻപുള്ള 75 ബാച്ചുകളിലെ ഐപിഎസ് ഓഫീസർമാരേക്കാൾ കൂടുതൽ ഉത്തരവാദിത്തങ്ങൾ നിങ്ങൾക്കുണ്ടാകും.
നമ്മുടെ രാജ്യത്തിന്റെ അതിർത്തികളിൽ സുരക്ഷ ശക്തമാക്കാൻ നമ്മൾ നിരവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. ജമ്മു കാശ്മീർ, വടക്കുകിഴക്കൻ മേഖലകൾ, തീവ്ര ഇടതുപക്ഷ ഭീകരത നിലനിൽക്കുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലെ അക്രമങ്ങൾ ഇപ്പോൾ 70 ശതമാനം കുറഞ്ഞു. ഈ സ്ഥലങ്ങളിൽ ഇന്ത്യയുടെ സുരക്ഷാ സേന പൂർണ്ണ ശക്തിയിലാണ്.
ഇനി, ജനങ്ങളുടെ അടിസ്ഥാന മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ പോലീസ് മുന്നിട്ടിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കുറ്റകൃത്യങ്ങൾ കുറയ്‌ക്കാനും ഇരകൾക്ക് വേഗത്തിൽ നീതി ലഭ്യമാക്കാനും പോലീസ് ജാഗ്രതയോടെ പ്രവർത്തിക്കണം.
പ്രധാനമന്ത്രി മോദിയുടെ ലക്ഷ്യമായ വികസിത ഭാരതം 2047-ഓടെ ജനങ്ങളുടെ അടിസ്ഥാന മനുഷ്യാവകാശങ്ങൾക്ക് സംരക്ഷണം നൽകാനും മയക്കുമരുന്നിൽ നിന്നും ഭീകരതയിൽ നിന്നും വിമുക്തമാക്കാനും കഴിയുന്ന ഒരു രാജ്യമാണ്. നമ്മുടെ ഭരണഘടന ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിക്കും രാജ്യത്തെ പാവപ്പെട്ടവർക്കും ദരിദ്രർക്കും തുല്യ അവകാശങ്ങൾ നൽകിയിട്ടുണ്ട്. ആ അവകാശങ്ങൾ സംരക്ഷിക്കാൻ പോലീസിന് ബാധ്യതയുണ്ട്.” അമിത് ഷാ പറഞ്ഞു.
76 RR ബാച്ചിലെ ഇന്ത്യൻ പോലീസ് സർവീസ് ഓഫീസർ ട്രെയിനികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ പോലീസ് സർവീസ് 2023 ബാച്ചിൽ, 54 വനിതാ ഓഫീസർമാരുൾപ്പെടെ ആകെ 188 ഓഫീസർ ട്രെയിനികൾ അടിസ്ഥാന കോഴ്‌സ് പരിശീലന ഘട്ടം-1 പൂർത്തിയാക്കി. ഡൽഹിയിലെ വിവിധ കേന്ദ്ര സായുധ പോലീസ് സേനകളിലെയും (സിഎപിഎഫ്) സെൻട്രൽ പോലീസ് ഓർഗനൈസേഷനുകളിലെയും (സിപിഒ) രണ്ടാഴ്ചത്തെ പരിശീലനത്തിന് ശേഷം, ഐപിഎസ് ട്രെയിനി ഉദ്യോഗസ്ഥർ അതത് കേഡറുകളിൽ 29 ആഴ്ചത്തെ ജില്ലാ പ്രായോഗിക പരിശീലനത്തിന് വിധേയരാകും.















