പാലക്കാട്: നിയസഭ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ കോൺഗ്രസിൽ അടി തുടങ്ങി. കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെൽ കൺവീനറായ ഡോ. പി സരിൻ ആണ് പാലക്കാട്ടെ നിയുക്ത കൊണ്ഗ്രെസ്സ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിനെതിരെ രംഗത്തെത്തിയത്.
“എന്റെ ശരികൾ ലോകത്ത് പറയാൻ ആർജവം കാണിക്കുന്ന വ്യക്തിയാണ് താൻ.2016ൽ സിവിൽ സർവീസ് രാജിവെച്ചാണ് താൻ കോൺഗ്രസിലേക്ക് എത്തിയത്.അന്ന് കോൺഗ്രസിന് കേന്ദ്രത്തിലോ കേരളത്തിലോ ഭരണം ഉണ്ടായിരുന്നില്ല.” പി സരിൻ പറഞ്ഞു.
“ഹരിയാന ആവർത്തിക്കുമോ എന്ന് ഉൾഭയം.പാർട്ടിയെ തിരുത്തിയില്ലെങ്കിൽ ഹരിയാന ആവർത്തിക്കുമെന്ന് ഭയന്നാണ് താൻ മുന്നോട്ടുവന്നത്. . 2026 ലേക്കുള്ള സെമി ഫൈനലാണ് ഉപതെരഞ്ഞെടുപ്പെന്നു പറയുന്നു.തോറ്റാൽ എന്ത് ചെയ്യുമെന്ന് ആരും പറയുന്നില്ല. കണ്ണടച്ച് ഇരുട്ടാക്കി ചില കാര്യങ്ങൾ നടത്തി എടുക്കാം എന്ന് കരുതിയാൽ കൊടുക്കേണ്ടി വരുന്ന വില വലുതാണ്.”
“കോൺഗ്രസിലെ ഉൾപ്പാർട്ടി ജനാധിപത്യത്തിൽ മാറ്റങ്ങൾ ഉണ്ടായിരിക്കുന്നു. മല്ലികാർജുൻ ഗാർഗേയ്‌ക്കും രാഹുലിനും താൻ കത്ത് എഴുതി.
ഒരുപാട് പേരോട് ഇത് ഒന്ന് നേതൃത്വത്തിന് കൊടുക്കണമെന്ന് അപേക്ഷിച്ച് പുറകേ നടന്നു”. പി സരിൻ പറഞ്ഞു.”ഒരു വ്യക്തിയുടെ താൽപര്യത്തിന് വഴങ്ങരുത്. ഇൻസ്റ്റാഗ്രാമിൽ റീലിട്ടാൽ ഹിറ്റായി എന്നാണ് വിചാരം.ജയിലിൽ കിടക്കുന്നതല്ല ത്യാഗം”. ഷാഫി പറമ്പിലിനെ സൂചിപ്പിച്ച് പി സരിൻ പറഞ്ഞു.
വെള്ളക്കടലാസിൽ അച്ചടിച്ച് വന്നത് കൊണ്ട് മാത്രം ഒരു സ്ഥാനാർത്ഥിത്വം പൂർണ്ണമാവുന്നില്ല. കോണ്‍ഗ്രസ് പാർട്ടി നേതൃത്വം കാണിക്കുന്നത് തോന്നിവാസമാണെന്നും സരിൻ കുറ്റപ്പെടുത്തി. ലെഫ്റ്റ് അടിക്കുന്ന സ്വഭാവമുള്ള ആളല്ല താനെന്നും പറയാനുള്ളത് പറഞ്ഞിട്ടേ പോകൂവെന്നും സരിൻ വ്യക്തമാക്കി.
“താൻ ലെഫ്റ്റടിക്കുന്ന ആളല്ല. പറയാനുള്ളത് പറഞ്ഞിട്ടേ പോവു. രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വം പുന:പരിശോധിക്കണം.ചർച്ച ഒരു പ്രഹസനമായിരുന്നു. പാർട്ടി പുന:പരിശോധിക്കണം.മുൻകൂട്ടി നിശ്ചയിച്ചാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നത്”. സരിൻ പറഞ്ഞു.
സിപിഎം കുറ്റിച്ചൂലിനെ നിർത്തിയാലും വിജയിപ്പിക്കുന്നത് അവരുടെ കെട്ടുറപ്പാണെന്നു പറഞ്ഞ പി സരിൻ പലപ്പോഴും സിപിഎമ്മിനെ പ്രശംസിച്ചു. 13 ന് മുൻപ് തെരഞ്ഞെടുപ്പ് നടത്താനാവുമോ എന്ന് കത്ത് നൽകിയത് ആരെ സഹായിക്കാനാണ് എന്ന് ചോദിച്ച സരിൻ പ്രതിപക്ഷ നേതാവിനെതിരെയും ആഞ്ഞടിച്ചു.
ഇ.ശ്രീധരന് വോട്ട് കിട്ടിയത് എങ്ങിനെ എന്ന് പഠിച്ച് മറുതന്ത്രം മെനയണമെന്ന് നേതൃത്വത്തോട് പറഞ്ഞു എന്ന് സരിൻ അവകാശപ്പെട്ടു.ഹിന്ദുത്വ രാഷ്‌ട്രീയം പറയാതെ ബിജെപി പാലക്കാട് വോട്ട് പിടിക്കുന്നു എന്നദ്ദേഹം പറഞ്ഞു.
നല്ല തീരുമാനങ്ങൾക്ക് കാത്തിരിക്കുന്നു. പാർട്ടി തിരുത്തും എന്ന് പ്രതീക്ഷിക്കുന്നു എന്ന് പറഞ്ഞാണ് പത്രസമ്മേളനത്തിൽ നിലപാട് വ്യക്തമാക്കിയത് .















