ഒടുവിൽ അവനെത്തി, ഗാഡ്ജെറ്റ് പ്രേമികൾ ഏറെ നാളായി കാത്തിരിക്കുന്ന സാംസങ് ഗാലക്സി റിംഗ് ഇന്ത്യയിൽ അവതരിപ്പിച്ചു. ദക്ഷിണ കൊറിയൻ ടെക് ഭീമനായ സാംസങ്ങിന്റെ ‘ഗാലക്സി റിംഗ്’ സ്വന്തമാക്കാൻ കമ്പനി റിസർവേഷൻ ആരംഭിച്ചെന്നാണ് വിവരം. വെറും 1,999 രൂപ മുൻകൂർ പണമടച്ച് സാംസങ്ങിന്റെ സ്മാർട്ട്-മോതിരം ബുക്ക് ചെയ്യാം..
കഴിഞ്ഞ ജൂലൈയിൽ പാരിസിൽ വച്ചായിരുന്നു നൂതന സാങ്കേതികവിദ്യയിൽ വികസിപ്പിച്ച ഗാലക്സി റിംഗ് സാംസങ് അവതരിപ്പിച്ചത്. ഗാലക്സി Z ഫോൾഡബിൾ സ്മാർട്ട്ഫോണിനൊപ്പം സ്മാർട്ട് മോതിരവും കമ്പനി ലോകത്തിന് മുന്നിൽ എത്തിക്കുകയായിരുന്നു.
സാംസങ്ങിന്റെ ആദ്യ ഫിറ്റ്നസ് റിംഗ്, മൂന്ന് വ്യത്യസ്ത നിറങ്ങളിൽ 9 വ്യത്യസ്ത വലിപ്പങ്ങളിലാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. നിർമിത ബുദ്ധി (AI) അധിഷ്ഠിതമായ ഹെൽത്ത് ട്രാക്കിംഗാണ് മോതിരത്തിലുണ്ടാവുക. അണിയുന്ന വ്യക്തിയുടെ ഉറക്കം ഉൾപ്പെടെ നിരീക്ഷിച്ച് വിവരങ്ങൾ രേഖപ്പെടുത്തും. ഒറ്റ ചാർജിംഗിൽ ഏഴ് ദിവസം വരെ ബാറ്ററി നിലനിൽക്കുമെന്നതാണ് സ്മാർട്ട് റിംഗിന്റെ മറ്റൊരു പ്രത്യേകത.
ഇന്ത്യയിൽ 38,999 രൂപയ്‌ക്കാണ് സ്മാർട്ട്-മോതിരം വിതരണം ചെയ്യുന്നത്. Samsung.com എന്ന വെബ്സൈറ്റിലൂടെയും റീട്ടെയിൽ സ്റ്റോറുകളിലൂടെയും ആമസോൺ, ഫ്ലിപ്പ്കാർട്ട് തുടങ്ങിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയും സ്മാർട്ട് മോതിരം വൈകാതെ ലഭ്യമാകും. ടൈറ്റാനിയം ബ്ലാക്ക്, സിൽവർ, ഗോൾഡ് എന്നീ നിറങ്ങളിൽ മോതിരം ലഭ്യമാണ്. അനുയോജ്യമായ വലിപ്പത്തിലുള്ള മോതിരം തിരഞ്ഞെടുക്കുന്നതിന് സാംസങ്ങിന്റെ സൈസ്-കിറ്റും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.
EMI മുഖേനയും മോതിരം വാങ്ങാം. 1,625 രൂപ വീതം 24 മാസത്തേക്കാണ് അടയ്‌ക്കേണ്ടത്. ഒക്ടോബർ 18ന് മുൻപ് മോതിരം ബുക്ക് ചെയ്യുന്നവർക്ക് 25W ട്രാവൽ അഡാപ്റ്റർ സൗജന്യമായി ലഭിക്കുകയും ചെയ്യും.
5-13 റേഞ്ചിലുള്ള വലിപ്പങ്ങളിലാണ് മോതിരം വിപണിയിലെത്തുക. ഉറക്കം, കൂർക്കംവലി, ഉറക്കത്തിനിടയിലെ ചലനങ്ങൾ, കിടന്നതിന് ശേഷം ഉറങ്ങാനെടുക്കുന്ന സമയം, ഹൃദയമിടിപ്പ് എന്നിവയെല്ലാം മോതിരം നിരീക്ഷിക്കും. സാംസങ്ങിന്റെ ഹെൽത്ത് ആപ്ലിക്കേനുമായി ബന്ധപ്പെട്ടാണ് സ്മാർട്ട്-റിംഗ് പ്രവർത്തിക്കുക. വെള്ളവും പൊടിയും പ്രതിരോധിക്കാനും മോതിരത്തിന് കഴിയും, IP68 റേറ്റിംഗാണ് ഇക്കാര്യത്തിൽ ഗാലക്സി റിംഗിന് ലഭിച്ചിരിക്കുന്നത്.