പന്തളം: തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് രാജീവരുടെ നേതൃത്വത്തിലായിരുന്നു നട തുറക്കൽ. മേൽശാന്തി പി എൻ മോഹനൻ ശ്രീകോവിൽ തുറന്ന് ദീപം കൊളുത്തി. നാളെയാണ് ശബരിമല, മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ്.
നാളെ ഉഷ പൂജയ്‌ക്ക് ശേഷം രാവിലെ 7.30 ഓടെ നറുക്കെടുപ്പ് ആരംഭിക്കും. ആറ് ദിവസത്തേക്കാണ് തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നത്. തുലാമാസ പൂജകൾക്ക് ശേഷം 21-ാം തീയതി നട അടയ്‌ക്കും. അയപ്പ ദർശനത്തിനായി നിരവധി തീർത്ഥാടകർ ഇന്ന് ശബരിമലയിലേക്കെത്തിയിട്ടുണ്ട്. ഇവരെ 18-ാം പടി വഴി കയറ്റിവിടുമെന്നും അധികൃതർ അറിയിച്ചു.
ശബരിമല മേൽശാന്തിമാരുടെ പട്ടികയിൽ 25 പേരും മാളികപ്പുറം മേൽശാന്തിമാരുടെ പട്ടികയിൽ 15 പേരുമാണുള്ളത്. പന്തളം കൊട്ടാരം നിർദേശിച്ച ഋഷികേശ് എന്ന കുട്ടി ശബരിമലയിലെയും വൈഷ്ണവി എന്ന കുട്ടി മാളികപ്പുറത്തെയും മേൽശാന്തിമാരെ നറുക്കെടുക്കും. പന്തളം നടുവിലെ മാളിക കൊട്ടാരത്തിൽ മുൻ രാജ പ്രതിനിധി പ്രദീപ് കുമാർ വർമ്മയുടെ മകൾ പൂർണ്ണ വർമ്മ ഗിരീഷ് വിക്രം ദമ്പതികളുടെ മകനാണ് ഋഷികേശ്. പന്തളം വടക്കേടത്ത് കൊട്ടാരത്തിൽ കൈരളി തമ്പുരാട്ടിയുടെ മകൻ മിഥുൻ- പ്രീജ ദമ്പതികളുടെ മകളാണ് വൈഷ്ണവി.















