ന്യൂഡൽഹി: വിമാനങ്ങൾക്ക് നേരെ ഉയരുന്ന ഭീഷണികൾ ഗൗരവത്തോടെ അന്വേഷിക്കുമെന്ന് വ്യോമായന മന്ത്രി കെ രാംമോഹൻ നായിഡു. വ്യാജ ബോംബ് ഭീഷണി സന്ദേശം നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. നിലവിൽ സ്ഥിതിഗതികൾ സർക്കാർ സൂക്ഷമമായി പരിശോധിക്കുകയാണെന്നും നായിഡു വ്യക്തമാക്കി.
” വിമാനക്കമ്പനികൾക്ക് നേരെ ഉയരുന്ന ഭീഷണികൾ കേന്ദ്രസർക്കാർ ഗൗരവത്തോടെ കാണുന്നു. സ്ഥിഗതികൾ നിരീക്ഷിച്ചു വരിയാണ്. യാത്രക്കാരുടെയും വിമാനങ്ങളിലെ ജീവനക്കാരുടെയും സുക്ഷയ്‌ക്ക് പ്രാധാന്യം നൽകുന്നു. വ്യാജ സന്ദേശങ്ങൾ നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. കുറ്റവാളികൾക്കായുള്ള അന്വേഷണം തുടരുകയാണ്.”- കെ രാംമോഹൻ നായിഡു പറഞ്ഞു.
നേരത്തെ നാല് വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി ഉന്നയിച്ച വിദ്യാർത്ഥിയെ പൊലീസ് പിടികൂടിയിരുന്നു. ഛത്തീസ്ഗഡ് സ്വദേശിയായ 11-ാം ക്ലാസുകാരനായിരുന്നു പ്രതി. വ്യാജ പ്രൊഫൈലുണ്ടാക്കി സുഹൃത്തിന് പണി നൽകാനായിരുന്നു ബോംബ് ഭീഷണി സന്ദേശം അയച്ചതെന്നായിരുന്നു പ്രതിയുടെ വിശദീകരണം. ഇത്തരം സംഭവങ്ങൾ ഗൗരവമുള്ളതാണെന്നും തക്കതായ നടപടി സ്വീകരിക്കുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.















