ശബരിമല മേൽശാന്തിയായി എസ്. അരുൺകുമാർ നമ്പൂതിരിയെ തെരഞ്ഞെടുത്തു. മാളികപ്പുറം മേൽശാന്തിയായി ടി. വാസുദേവൻ നമ്പൂതിരിയെയും തെരഞ്ഞെടുത്തു.
കൊല്ലം ശക്തിക്കുളങ്ങര സ്വദേശിയും ആറ്റുകാൽ ക്ഷേത്രത്തിലെ മുൻ മേൽശാന്തിയായിരുന്നു അരുൺകുമാർ നമ്പൂതിരി. നിലവിൽ കൊല്ലം ലക്ഷ്മിനട ക്ഷേത്രത്തിലെ മേൽശാന്തിയാണ്. ശബരിമല മേൽശാന്തി പട്ടികയിൽ ആറ് തവണ അദ്ദേഹം ഉൾപ്പെട്ടിട്ടുണ്ട്. സന്നിധാനത്ത് നടന്ന നറുക്കെടുപ്പിൽ പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരായ ഋഷികേശ് വർമയും വൈഷ്ണവിയുമാണ് മേൽശാന്തിമാരെ തെരഞ്ഞെടുത്തത്.
24 പേരുടെ പട്ടികയിൽ നിന്നാണ് അരുൺകുമാർ നമ്പൂതിരിയെ തെരഞ്ഞെടുത്തത്. കുട്ടിക്കാലം മുതലുള്ള ആഗ്രഹമാണെന്നും അയ്യനെ പൂജിക്കാൻ നിയോഗം ലഭിച്ചതിൽ ഒരുപാട് സന്തോഷമെന്നും അരുൺ കുമാർ നമ്പൂതിരി ജനം ടിവിയോട് പറഞ്ഞു.
15 അംഗ പട്ടികയിൽ നിന്നാണ് മാളികപ്പുറം മേൽശാന്തിയായി വാസുദേവൻ നമ്പൂതിരിയെ തെരഞ്ഞെടുത്തത്. കോഴിക്കോട് ഒളവണ്ണ സ്വദേശിയാണ്. ഇരുവരും വൃശ്ചികം ഒന്ന് മുതൽ ഒരു വർഷ കാലത്തേക്ക് പൂജകൾ നടത്തും. മണ്ഡലകാല പൂജയ്‌ക്കായി നട തുറക്കുന്ന നവംബർ 15 ന് പുതിയ മേൽശാന്തിമാർ ചുമതലയേൽക്കും.