ന്യൂഡൽഹി: രാജ്യത്തെ നീതിനിർവ്വഹണത്തിന്റെ പ്രതീകമായിരുന്ന നീതിദേവതയുടെ പ്രതിമ ഇനിമുതല്‍ കണ്ണുകള്‍ തുറന്ന് നില്‍ക്കും. കൊളോണിയൽ അവശേഷിപ്പുകൾ തുടർന്നിരുന്നു നീതി ദേവതയെ ഭാരതീയമാക്കി മാറ്റിയത് സുപ്രീം കോടതിയാണ് . രാജ്യത്തെ നിയമത്തിന് അന്ധതയില്ല എന്ന സന്ദേശമാണ് നീതിദേവതയുടെ കണ്ണുകള്‍ നഗ്നമാക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്. വലതുകൈയിലെ തുല്യതയുടെ തുലാസിനുനേരെ തലയുയര്‍ത്തി ഇത്രയും കാലം കൈയിലേന്തിയ വാളിനു പകരം ഇടതുകൈയില്‍ ഇന്ത്യന്‍ ഭരണഘടനയുമേന്തിയായിരിക്കും നീതിദേവത ഇനി നിലയുറപ്പിക്കുക. നിയമം ശിക്ഷയുടെ പ്രതീകമല്ല, നിയമത്തിന് അന്ധതയില്ല എന്ന സന്ദേശമാണ് ഇതിലൂടെ ലഭിക്കുക
നീതിദേവതയുടെ കണ്ണുകളെ മറച്ചുവെച്ചത് കൊണ്ട് ഇത്രയും കാലം ഉദ്ദേശിച്ചത് നിയമത്തിനുമുന്നിലെ തുല്യതയാണ്. കോടതിയ്‌ക്ക് മുന്നില്‍ നീതി തേടി ഹാജരാവുന്നവരുടെ സമ്പത്തിലോ അധികാരത്തിലോ മറ്റ് പകിട്ടുകളിലോ കോടതി ആകര്‍ഷിക്കപ്പെടില്ല എന്നതായിരുന്നു സൂചന. അനീതിയ്‌ക്കെതിരെ ശിക്ഷിക്കാനുള്ള അധികാര ശക്തിയെയായിരുന്നു.കൈയിലേന്തിയ വാള്‍ പ്രതിനിധാനം ചെയ്തത്.
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ ഉത്തരവ് പ്രകാരം പരിഷ്‌കരിച്ച പ്രതിമ സുപ്രീം കോടതി ജഡ്ജിമാരുടെ ലൈബ്രറിയില്‍ സ്ഥാപിച്ചു . ബ്രിട്ടീഷ് കൊളോണിയല്‍ പാരമ്പര്യത്തിന്റെ സ്വാധീനമുണ്ടായിരുന്ന ഇന്ത്യന്‍ പീനല്‍ കോഡില്‍ നിന്നും ഭാരതീയ ന്യായ സംഹിതയിലേക്കുള്ള മാറ്റത്തിനു പിന്നാലെയാണ് ഈ മാറ്റവും എന്നത് ശ്രദ്ധേയമാണ്. ക്രിമിനല്‍ നിയമങ്ങളില്‍ ആധിപത്യം സ്ഥാപിച്ചിരുന്ന കൊളോണിയൽ സ്വാധീനങ്ങളെല്ലാം ഉന്മൂലനം ചെയ്യപ്പെടുകയാണ് എന്നതും പ്രസ്താവ്യമാണ്.
നിയമം ഒരിക്കലും അന്ധമല്ല, എല്ലാവരെയും തുല്യരായി കാണുകയാണ് ചെയ്യുന്നത് എന്ന ദൃഢനിശ്ചയമാണ് ചീഫ് ജസ്റ്റിസിനെ ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത് എന്നാണ് സൂചന. ഒരു നിഗമനത്തിലെത്തുന്നതിനുമുമ്പ് ഇരുപക്ഷത്തിന്റെയും വസ്തുതകളും വാദങ്ങളും കോടതികള്‍ തൂക്കിനോക്കുന്നു എന്ന ആശയം നിലനിര്‍ത്തുവാനായിട്ടാണ് വലതു കൈയിലെ നീതിയുടെ തുലാസുകള്‍ നിലനിര്‍ത്തുന്നത്.