ന്യൂഡൽഹി: കര,വ്യോമ സേനകളുടെ ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും പരിശോധനകൾ ഒരു കുടക്കീഴിലാക്കാൻ പ്രതിരോധമന്ത്രാലയം. എല്ലാത്തരം വിമാനങ്ങളും ഹെലികോപ്റ്ററുകളും ഡ്രോണുകളും പരിശോധിക്കുന്നതിനും പരീക്ഷണപ്പറക്കൽ നടത്തുന്നതിനുമുള്ള നാഷണൽ എയ്‌റോ സ്പേസ് ടെസ്റ്റിംഗ് എസ്റ്റാബ്ലിഷ്‌മെന്റ് (NATE) രൂപീകരിക്കാനുള്ള നിർദ്ദേശം പ്രതിരോധമന്ത്രാലയം പരിശോധിച്ച് വരികയാണ്.
നിലവിൽ എല്ലാ സേനകൾക്കും പ്രത്യേകമായി ഫ്ലൈറ്റ് ടെസ്റ്റിംഗ് ഏജൻസികളും DRDO യും HAL പോലുള്ള പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളും ഉണ്ട്. ഈ വ്യത്യസ്ത ഏജൻസികളെ ഒരു കുടക്കീഴിൽ കൊണ്ടുവരികയാണ് NATE രൂപീകരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. എല്ലാ ഫ്ലൈറ്റ് ടെസ്റ്റിംഗുകളും വിലയിരുത്തലുകളുമുള്ള ഒരു സംവിധാനം ഉണ്ടെങ്കിൽ സേനയ്‌ക്ക് സ്റ്റാർട്ടപ്പുകൾ, സ്വകാര്യകമ്പനികൾ, MSME കൾ മുതലായവയ്‌ക്ക് പിന്നാലെ ഓടേണ്ടി വരില്ല.
പ്രീമിയർ എയർ ക്രാഫ്റ്റ് ആൻഡ് സിസ്റ്റംസ് ടെസ്റ്റിംഗ് എസ്റ്റാബ്ലിഷ്മെന്റും എയർഫോഴ്സ് ടെസ്റ്റ് പൈലറ്റ് സ്കൂളും വ്യോമസേനയ്‌ക്ക് നിലവിലുണ്ട്. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാന്റെ നേതൃത്വത്തിലാണ് പ്രതിരോധ മന്ത്രാലയത്തിന്റെ സൈനിക കാര്യ വകുപ്പിൽ NATE രൂപീകരിക്കാനുള്ള നിർദ്ദേശം സമർപ്പിച്ചിരിക്കുന്നത്. യുകെ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ ഫ്ലൈറ്റ് ടെസ്റ്റിംഗിനും മറ്റുമായി ഇത്തരത്തിൽ സംയോജിത സംവിധാനം നിലവിലുണ്ട്. NATE സ്ഥാപിക്കുന്നത് നിലവിലുള്ള വിഭവങ്ങളുടെ മികച്ച വിനിയോഗത്തിനും വ്യോമയാനമേഖലയിലെ ദൈർഘ്യമേറിയ പരിശോധന ഘട്ടങ്ങൾ വേഗത്തിലാക്കാനും സാധിക്കും.