കൊല്ലം: ചിതറയിലെ പൊലീസുകാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി സഹദിന്റെ ഉസ്താദിനെ കേന്ദ്രീകരിച്ചും അന്വേഷണം. ഇസ്ലാമിക ആഭിചാര ക്രിയകൾ ചെയ്യുന്ന അബ്ദുൽ ജബ്ബാറിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. ആഭിചാരവുമായി ബന്ധപ്പെട്ട യുവതിയുടെ പരാതിയിൽ 2022 മുതൽ ഇയാൾ ഒളിവിലാണ്. ചടയമംഗലം കേന്ദ്രീകരിച്ചാണ് അബ്ദുൽ ജബ്ബാറിന്റെ പ്രവർത്തനം.
അബ്ദുൽ ജബ്ബാറിൽ നിന്നാണ് സഹദ് ആഭിചാരം പഠിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പ്രതിയുടെ വീട്ടിൽ നിന്ന് ആയുധങ്ങളും ഇസ്ലാമിക ആഭിചാരക്രിയയ്‌ക്ക് ഉപയോഗിക്കുന്ന വസ്തുക്കളും കണ്ടെത്തിയിരുന്നു. ജിന്നാണ് ഇർഷാദിനെ കൊന്നതെന്നായിരുന്നു പ്രതിയുടെ മൊഴി.
തിങ്കളാഴ്ച രാവിലെയാണ് അടൂർ ക്യാമ്പിലെ ഹവിൽദാറായ നിലമേൽ വളയിടം ചരുവിള പുത്തൻവീട്ടിൽ ഇർഷാദ് (26) ന്റെ മൃതദേഹം കണ്ടെത്തിയത്. ഇയാൾ കുറച്ചു നാളായി സഹദിന്റെ വീട്ടിലായിരുന്നു താമസം. വകുപ്പുതല അന്വേഷണം നേരിടുന്നതിൽ ഒരുവർഷമായി ഇർഷാദ് ജോലിക്ക് പോയിരുന്നില്ല.
രാവിലെ 11 മണിയോടെ സഹദിന്റെ പിതാവാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്ത് മുറിഞ്ഞ നിലയിൽ മുകളിലെ നിലയിലെ കിടക്കയിലായിരുന്നു മൃതദേഹം. ഇതേസമയം പുറത്ത് കത്തുയുമായി സഹദ് നിൽപ്പുണ്ടായിരുന്നു.