ധാക്ക: ബംഗ്ലാദേശിനെ മറ്റൊരു പാകിസ്താനാക്കാനുളള നീക്കവുമായി മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ. രാജ്യത്തിന്റെ വിമോചന സമരവുമായി ബന്ധപ്പെട്ട എട്ട് ദേശീയ അവധികൾ റദ്ദാക്കാൻ യൂനസ് സർക്കാർ ഉത്തരവിട്ടു.
ബംഗ്ലാദേശ് സ്ഥാപകനായ ബംഗബന്ധു ഷെയ്ഖ് മുജീബുർ റഹ്മാന്റെ കൊലപാതകത്തെ അനുസ്മരിച്ച് ആഗസ്റ്റ് 15-ന് നൽകിയിരുന്ന ദേശീയ അവധിയും റദ്ദാക്കി. സ്ഥാനഭ്രഷ്ടയാക്കിയ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിതാവാണ് ഷെയ്ഖ് മുജീബുർ റഹ്മാൻ.
ഷെയ്ഖ് ഹസീനയെ പുറത്താക്കിയ ശേഷം വന്ന ഇടക്കാല സർക്കാർ വിമോചന സമരവുമായി ബന്ധപ്പെട്ട ഓർമ്മകൾ ഇല്ലാതാക്കാനുള്ള തീവ്ര ശ്രമത്തിലാണ്. ഇതിന്റെ തുടർച്ചയായി മുജീബുർ റഹ്മാന്റെ ജന്മദിനമായ മാർച്ച് 17ന് ദേശീയ ശിശുദിനമായി ആചരിക്കുന്നതും അവസാനിപ്പിച്ചു. ദിവസങ്ങൾക്ക് മുമ്പാണ് ബംഗബന്ധുവിന്റെ ചിത്രം കറൻസി നോട്ടുകളിൽ നിന്നും നിക്കം ചെയ്തതത്.
ഉത്തരവിനെതിരെ അവാമി ലീഗ് രംഗത്ത് വന്നു. ഷെയ്ഖ് മുജീബറിനെ നിരാകരിക്കുന്ന ഇടക്കാല സർക്കാർ ഇനി പാക് സ്ഥാപകൻ മുഹമ്മദ് അലി ജിന്നയുടെ ജന്മദിനമാണ് ആഘോഷിക്കുമെന്ന് അവാമി ലീഗ് വിമർശിച്ചു.
ഹസീന രാജിവെച്ച് രാജ്യം വിട്ടതിന് തൊട്ടുപിന്നാലെ, രോഷാകുലരായ ജനക്കൂട്ടം ബംഗബന്ധുവിന്റെ പേരിലുള്ള ഒരു മ്യൂസിയത്തിൽ തീയിട്ടിരുന്നു. 1975 ഓഗസ്റ്റ് 15-ന് ഒരു കൂട്ടം ജൂനിയർ ഓഫീസർമാർ നടത്തിയ സൈനിക അട്ടിമറി സമയത്ത് ബംഗ്ബന്ധുവിന്റെ സ്വകാര്യ വസതിയായിരുന്നു മ്യൂസിയം.അവിടെ വെച്ചാണ് അദ്ദേഹം കുടുംബാംഗങ്ങൾക്കൊപ്പം കൊല്ലപ്പെട്ടത് . ബംഗബന്ധുവിന്റെ രണ്ട് പെൺമക്കളായ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ഷെയ്ഖ് രഹനയും അക്കാലത്ത് ജർമ്മനിയിലായിരുന്നതിനാൽ രക്ഷപ്പെട്ടു.















