നിർജ്ജലീകരണം തടയാനായി വെള്ളം ധാരാളം കുടിക്കണമെന്ന് ഡോക്ടർമാർ നിർദേശിക്കാറുണ്ട്. അവയവങ്ങളുടെ പ്രവർത്തനങ്ങൾക്ക് ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് അനിവാര്യമാണ്. ഒരു ദിവസം 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നത്. എന്നാൽ വെള്ളം കുടി അമിതമായാലോ? അതും പ്രശ്‌നമാണെന്നാണ് പഠനങ്ങൾ പറയുന്നത്. ഇക്കാര്യങ്ങൾ അറിഞ്ഞോളൂ..
ഹൈപ്പർഹൈഡ്രേഷനെന്നാണ് ഇത് അറിയപ്പെടുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ ശരീരത്തിലേക്ക് ആവശ്യമായതിലും അധികം വെള്ളം എത്തുന്ന അവസ്ഥയാണിത്. ശരീരത്തിലെ വെള്ളത്തിന്റെ അളവ് കൂടുന്നത് രക്തത്തിന്റെ സോഡിയത്തെ നേർപ്പിക്കുന്നു. ശരീരത്തിലെ കോശങ്ങളിൽ വെള്ളത്തിന്റെ അളവ് നിയന്ത്രിക്കുന്നതിനെല്ലാം സോഡിയം ആവശ്യമാണ്. അമിതമായ അളവിൽ ശരീരത്തിലേക്ക് വെള്ളമെത്തുമ്പോൾ സോഡിയത്തിന്റെ അളവ് കുറയുകയും ഇത് കോശങ്ങൾ വീർക്കുന്നതിലേക്കും വഴിവയ്‌ക്കുന്നു.
നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്കും ഇത് കാരണമാകും. അധിക ജലാംശം കാരണം തലച്ചോറ് വീർക്കുകയും പിന്നാലെ അബോധാവസ്ഥയിലാവുകയും ചെയ്‌തേക്കാം. ഇത് മരണത്തിലേക്ക് നയിച്ചേക്കുമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
കടുത്ത തലവേദനയും, ഛർദ്ദിയും ഊർജ്ജമില്ലായ്മയുമാണ് മറ്റ് ലക്ഷണങ്ങൾ. ഓരോ വ്യക്തിയിലും ഹൈപ്പർഹൈഡ്രേഷൻ വ്യത്യസ്തപ്പെട്ടിരിക്കും. അതിനാൽ അമിതമായി വെള്ളം കുടിക്കുന്ന ശീലമുള്ളവർ ഡോക്ടറിന്റെ സഹായം തേടേണ്ടതാണ്.















