കാസർകോട്: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തിൽ ഡിവൈഎഫ്‌ഐ കാസർകോട് മുൻ ജില്ലാ കമ്മിറ്റി അംഗത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് ബർത്തക്കല്ല് സ്വദേശി സച്ചിത റൈയുടെ ജാമ്യാപേക്ഷ കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയത്.
തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ അസിസ്റ്റന്റ് മാനേജറാക്കാമെന്ന് വാഗ്ദാനം നൽകി സച്ചിത, കുമ്പള സ്വദേശിനിയായ പരാതിക്കാരിയിൽ നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു. ഈ പണം കർണാടക സ്വദേശിക്ക് കൈമാറിയെന്ന പ്രതിയുടെ വാദം കോടതി മുഖവിലയ്‌ക്കെടുത്തില്ല. കുമ്പള സ്വദേശിനിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് സച്ചിത മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.
മഞ്ചേശ്വരം സ്‌കൂൾ അദ്ധ്യാപികയാണ് സച്ചിത റൈ. ‘താനൊരു അദ്ധ്യാപികയല്ലേ തന്നെ വിശ്വസിക്കാമെന്ന്’ പറഞ്ഞായിരുന്നു ഇവർ ജോലി വാഗ്ദാനം നൽകിയത്. ഇത് വിശ്വസിച്ച് പല തവണകളായാണ് പണം നൽകിയതെന്ന് പരാതിക്കാരി വ്യക്തമാക്കി.