പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവച്ച് തെന്നിന്ത്യൻ താരസുന്ദരി ഹൻസിക മോട്‌വാനി. ഭർത്താവ് സൊഹേൽ കതുരിയയുടെ കൈപിടിച്ച് പുതിയ വീട്ടിലേക്ക് കയറുന്ന ചിത്രങ്ങളാണ് ഹൻസിക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഗൃഹപ്രവേശനത്തിന്റെ ഭാഗമായി നടത്തുന്ന എല്ലാ പൂജാ ചടങ്ങുകൾക്കും ശേഷമാണ് ഹൻസിക തന്റെ പുതിയ വീട്ടിലേക്ക് കയറിയത്.

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്തത്. ഐശ്വര്യത്തിന്റെ പ്രതീകമായ കലശവുമായി പുതിയ വീട്ടിലേക്ക് പ്രവേശിക്കുന്ന താരത്തിന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമായി. പച്ച നിറത്തിലെ സാരിയിൽ അതിമനോഹരിയാണ് താരം ചടങ്ങിൽ പങ്കെടുത്തത്.

2022 ഡിസംബർ നാലിനായിരുന്നു ഹൻസികയുടെയും സൊഹേൽ ഖതൂരിയയുടെയും വിവാഹം നടന്നത്. ജയ്പൂരിലെ 450 വർഷം പഴക്കമുള്ള മുണ്ടോട്ട കോട്ടയിൽ വച്ചായിരുന്നു വിവാഹം. പാരിസിൽ നടന്ന ഇരുവരുടെയും വിവാഹനിശ്ചയവും സമൂഹമാദ്ധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു.
















