സിനിമയിലെ വിവാദനായകനാണ് നടൻ ഷെയ്ൻ നിഗം. പല സിനിമാ സെറ്റുകളിലും അച്ചടക്കം ഇല്ലായ്മയുടെയും അഹങ്കാരത്തിന്റെയും പേരിൽ നടന് പരാതി കേൾക്കേണ്ടി വന്നിട്ടുണ്ട്. വെയിൽ എന്ന സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ് ഏറ്റവും വലിയ വിവാദം ഉണ്ടായത്. നിർമ്മാതാക്കൾക്ക് തലവേദനയായ ഷെയ്നിനെ ആ സമയത്ത് സിനിമകളിൽ നിന്ന് വിലക്കുക വരെ ഉണ്ടായി. ആ സംഭവം ഓർത്തെടുക്കുകയാണ് വെയിലിന്റെ നിർമാതാവ് ജോബി ജോർജ്. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഷെയ്നിന്റെ ഒരു പടം ഞാൻ ചെയ്തിട്ടില്ലായിരുന്നു. വെയിൽ ആഗ്രഹിച്ച് പോയി മേടിച്ചതാണ്. ഈ സിനിമയുടെ സംവിധാനത്തോടോ തിരക്കഥയോടോ പ്രണയിച്ചിട്ടല്ല സിനിമ ചെയ്തത്. ഷെയ്ൻ നിഗത്തിന്റെ ഒരു പടം ചെയ്യണം, അത്രയേയുള്ളൂ. ഷെയ്നിന്റെ അച്ഛൻ എന്റെ സുഹൃത്ത് ആയിരുന്നു. ഷെയ്ൻ ഒരു ഭാഗത്ത് വളർന്ന് വലുതാകുന്നുണ്ട്. ഷെയ്നിന്റെ തന്നെ ഒരു പടം ഫിനാൻസ് ചെയ്തതും ഞാനാണ്”.
“നാളെ എന്താകും എന്ന് പറയാൻ കഴിയില്ല. എന്തെങ്കിലും പുണ്യം ചെയ്തു പോകണമെന്ന് കരുതുന്ന ഒരാളാണ് ഞാൻ. എന്റെ സുഹൃത്ത് പ്രമോദ് പപ്പനാണ് വെയിൽ എന്ന സിനിമയുടെ കാര്യം എന്നോട് പറയുന്നത്. അത് നിർമ്മിച്ചാൽ നിന്റെ ആഗ്രഹം സാധിക്കുമെന്ന് പ്രമോദ് പപ്പൻ പറഞ്ഞു. അങ്ങനെ ഞാൻ പടം നിർമ്മിക്കാൻ പോയി. എന്റെ ജീവിതത്തിൽ ഞാൻ ഈ 26 പടങ്ങളിൽ ഏറ്റവും കൂടുതൽ സങ്കടപ്പെട്ടത് വെയിലിലാണ്. ഏറ്റവും കൂടുതൽ വേദനിച്ചതും കുറ്റപ്പെടുത്തൽ കേട്ടതും ആ സിനിമയിലാണ്”.
“ഇന്ന് ആ സിനിമയിലേക്ക് നോക്കുമ്പോൾ അത് ജീവിതത്തിന്റെ ഒരു അനുഭവമായിരുന്നു. എന്നെ അത് കൂടുതൽ ശക്തനാക്കി. അന്നത്തെ വിവാദങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ്. പോയ വണ്ടിക്ക് ഇനി കൈ കാണിച്ചിട്ട് കാര്യമില്ല, അത് ഓടിപ്പോയി. അടുത്ത വണ്ടിക്ക് കയറുക എന്നതാണ് ലക്ഷ്യം. ഷെയ്നിനോട് പരിഭവമൊന്നുമില്ല. ആ സിനിമ കാരണം കുറെ നല്ല സൗഹൃദങ്ങളും എനിക്ക് കിട്ടിയിട്ടുണ്ട്”-ജോബി ജോർജ് പറഞ്ഞു.















