കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ കളക്ടർ അരുൺ കെ വിജയനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ജില്ലാ അദ്ധ്യക്ഷൻ എൻ. ഹരിദാസ്. പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നടത്തിയ നാടകത്തിന്റെ മുഖ്യസൂത്രധാരൻ കളക്ടറാണെന്നും നവീൻ ബാബുവിന്റെ മരണത്തിൽ കളക്ടറെ ഒന്നാം പ്രതിയാക്കണമെന്നും ഹരിദാസ് പറഞ്ഞു.
പി പി ദിവ്യ മാത്രമല്ല, വേദിയിലുണ്ടായിരുന്ന കളക്ടറും കേസിൽ ഉത്തരവാദിയാണ്. സെന്റ് ഓഫ് ചടങ്ങിൽ നവീൻ ബാബുവിനെ അപമാനിക്കുന്ന ദിവ്യയുടെ വാക്കുകൾ കേട്ട് കളക്ടർ ആസ്വദിക്കുകയാണ് ചെയ്തത്. ദിവ്യയ്‌ക്ക് വേണ്ടി പരിപാടിയുടെ സമയം വരെ മാറ്റിവച്ചു. കളക്ടറുടെ ഫോൺ കോളുകൾ പരിശോധിക്കണം.
പി പി ദിവ്യയ്‌ക്ക് വേണ്ടിയാണോ സെന്റ് ഓഫ് ചടങ്ങ് നടത്തിയതെന്നും വിശദമാക്കണം. കള്ളന് കഞ്ഞിവയ്‌ക്കുന്നയാളാണ് കണ്ണൂരിലെ കളക്ടറെന്ന് അദ്ദേഹത്തിന്റെ ഇരുത്തത്തിൽ നിന്ന് മനസിലാകുന്നുണ്ട്. ഇതിന് പിന്നിൽ കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ട്. അദ്ദേഹത്തിനെതിരെ നടപടി വേണം. ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് നാടകം കളിക്കുകയാണ് സിപിഎം. കേസ് കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കണം.
ഒരു ചാനൽ മാത്രമാണ് പരിപാടി നടക്കുന്ന സ്ഥലത്തെത്തിയത്. കളക്ടർക്കും ദിവ്യയ്‌ക്കും ആ ചാനലിനുമിടയിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. സംഭവത്തിൽ ദുരൂഹതയുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നാല് മണിക്കാണ് നവീൻ ബാബുവിന്റെ മരണമെന്നാണ് കാണുന്നത്. അതുവരെ നവീൻ ബാബു എവിടെയായിരുന്നുവെന്ന് കണ്ടെത്തണമെന്നും എൻ ഹരിദാസ് പറഞ്ഞു.