ന്യൂഡൽഹി: ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, പേഴ്‌സണൽ കമ്പ്യൂട്ടറുകൾ എന്നിവയുടെ ഇറക്കുമതി നിയന്ത്രിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ജനുവരിക്ക് ശേഷമുള്ള ഇവയുടെ ഇറക്കുമതി പരിമിതപ്പെടുത്തി ആഭ്യന്തര ഉത്പാദനം വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ ആപ്പിൾ ഉൾപ്പെടയുള്ള കമ്പനികളുടെ ഇന്ത്യയിലെ ഉത്പാദനം വർധിപ്പിക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
എച്ച്‌പി, ഡെൽ, ആപ്പിൾ, ലെനോവോ, സാംസങ് തുടങ്ങിയ കമ്പനികളാണ് ആഗോള വിപണിയിൽ ആധിപത്യം പുലർത്തുന്നത്. നിലവിൽ ഇന്ത്യയുടെ ആവശ്യത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും ചൈനയിൽ നിന്നുള്ള ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. ഇന്ത്യയുടെ ഐടി ഹാർഡ്‌വെയർ വിപണി ഏകദേശം 20 ബില്യൺ ഡോളറാണ്. അതിൽ 5 ബില്യൺ ഡോളർ ആഭ്യന്തര ഉൽപ്പാദനമാണ്.
ഐടി ഹാർഡ്‌വെയറുകൾ രാജ്യത്തുതന്നെ നിർമ്മിക്കാനുള്ള പദ്ധതിയിൽ ഏസർ, ഡെൽ, എച്ച്പി, ലെനോവോ എന്നിവയുൾപ്പെടെയുള്ള ആഗോള സ്ഥാപനങ്ങളുടെ പങ്കാളിത്തം ലഭിച്ചിട്ടുണ്ട്. പങ്കാളികളിൽ ഭൂരിഭാഗവും നിർമ്മാണം ആരംഭിക്കാൻ തയ്യാറാണെന്ന് കഴിഞ്ഞ വർഷം ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പ് മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞിരുന്നു.
ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയ്‌ക്ക് ഏകദേശം 2.01 ബില്യൺ ഡോളറിന്റെ ഫെഡറൽ സബ്‌സിഡികൾ ഉണ്ട്. ഗവേഷണ സ്ഥാപനമായ ‘കൗണ്ടർപോയിൻ്റിന്റെ കണക്കുകൾ അനുസരിച്ച് 2024 ലെ ആദ്യ അഞ്ച് മാസങ്ങളിൽ വിദേശത്ത് പൂർണ്ണമായും നിർമ്മിച്ച ലാപ്‌ടോപ്പുകളുടെ ഇറക്കുമതി മുൻ വർഷത്തേക്കാൾ 4 ശതമാനം കുറഞ്ഞു. ലെനോവോ, ഏസർ തുടങ്ങിയ സ്ഥാപനങ്ങൾ എൻട്രി ലെവൽ ലാപ്‌ടോപ്പുകൾക്കായി പ്രാദേശിക ഉത്പാദനം വർദ്ധിപ്പിച്ചിട്ടുണ്ട്.
സൈബർ ആക്രമണങ്ങളും ഡാറ്റ മോഷണവും സംബന്ധിച്ച് വർദ്ധിച്ചുവരുന്ന ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇലക്‌ട്രോണിക്‌സ്, കമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾക്കായി വിശ്വസനീയമായ ഉറവിടങ്ങൾ കണ്ടെത്താനുള്ള സർക്കാരിന്റെ ആദ്യഘട്ട നടപടിയാണിത്.















