പാലക്കാട് : പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം നേടിയെടുത്ത രാഹുൽ മാങ്കൂട്ടത്തിലിന് തദ്ദേശീയരായ നേതാക്കളുടെയും പ്രധാനപ്രവർത്തകരുടെയും നിസ്സഹകരണം നേരിടേണ്ടി വരുന്നു. രാഹുൽ മാങ്കൂട്ടത്തിന്റെ പ്രചാരണ പരിപാടികളിൽ പ്രധാന നേതാക്കൾ വിട്ട് നിന്നെന്നു സൂചന.
ഒപ്പമെന്ന് പറയുമ്പോഴും പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ പരിപാടികളിൽ ചില നേതാക്കളുടെ അസാന്നിധ്യം ചർച്ചയാവുന്നു. ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ, പാലക്കാട് എംപി വി.കെ.ശ്രീകണ്ഠൻ എന്നിവരുടെ അസാന്നിധ്യമാണ് ചർച്ചയാവുന്നത്
രാഹുൽ പാലക്കാട് നടത്തിയ റോഡ് ഷോയിലും,മുതിർന്ന നേതാക്കളെ നേരിൽ കണ്ടപ്പോഴുമൊന്നും മറ്റുള്ള പ്രധാന നേതാക്കൾ ഒപ്പം ഉണ്ടായിരുന്നില്ല . ഇതുവരെ നടത്തിയ പരിപാടികൾ എല്ലാം ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലായിരുന്നു . മുൻപത്തെ പോലെ സ്ഥാനാർത്ഥിക്ക് ഒപ്പം ഷാഫി മാത്രമാണ് മിക്ക സമയത്തും.
റോഡ് ഷോയിൽ പി.കെ.ഫിറോസ്, അബിൻവർക്കി എന്നിവർ ഒപ്പം ഉണ്ടായിരുന്നെങ്കിലും ജില്ലയിലെ മുതിർന്ന നേതാക്കൾ ആരും തന്നെ കൂടെ ഉണ്ടായിരുന്നില്ല. മാധ്യമങ്ങൾക്കു മുൻപിൽ പാർട്ടി ഒറ്റക്കെട്ടാണെന്ന് പറയുമ്പോഴും രാഹുലിനായി പ്രചാരണത്തിന് ഇറങ്ങാൻ പലർക്കും വിമുഖതയുണ്ടെന്നാണ് വിവരം.
ഷാഫി പറമ്പിലിന്റെ മാത്രം നോമിനിയാണ് രാഹുൽ എന്നും അവർതമ്മിലുള്ള അടുപ്പത്തിന്റെ ഫലമാണ് രാഹുലിന്റെ സ്ഥാനാർത്ഥിത്വം എന്നും പാലക്കാട്ടെ വലിയൊരു വിഭാഗം കോൺഗ്രെസ്സുകാർ ഉറച്ചു വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ ഷാഫിയുടെ മാത്രം സ്ഥാനാർത്ഥിയാണ് രാഹുൽ എന്നും അയാളെ ജയിപ്പിക്കേണ്ട ചുമതല തങ്ങൾക്കില്ലെന്നും ഒരു വിഭാഗം കരുതുന്നു. ഈ തണുപ്പൻ സമീപനം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് വിവരം.















