അമൽ നീരദ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സസ്പെൻസ് ത്രില്ലർ ചിത്രമാണ് ബോഗയ്ൻവില്ല. കുഞ്ചാക്കോ ബോബനും ജ്യോതിർമയിയും പ്രധാന വേഷത്തിലെത്തിയ ചിത്രം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. സിനിമയുടെ സ്തുതി എന്ന പ്രമോഷൻ ഗാനം ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഇപ്പോഴിതാ, ചിത്രം തിയേറ്ററിൽ ഹിറ്റാകുമ്പോൾ സ്തുതി ഗാനത്തെ കുറിച്ചുള്ള കുഞ്ചാക്കോ ബോബന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
‘സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ ശേഷമാണ് സ്തുതി ഗാനത്തെ കുറിച്ച് ആലോചിക്കുന്നത്. സിനിമയ്‌ക്ക് ഒരു പ്രമോ ഗാനം വേണമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് ഒരു പാട്ട് വേണമെന്ന് സുഷിൻ ശ്യാമിനോട് പറഞ്ഞത്. ഏതൊക്കെ രീതിയിൽ അത് ആളുകളിലേക്ക് എത്തണമെന്ന് കരുതിയോ ആ രീതിയിൽ തന്നെയാണ് സ്തുതി ആളുകളിലേക്ക് എത്തിയത്.
അതിന് ശേഷമാണ് മറവികളെ എന്ന് തുടങ്ങുന്ന പാട്ട് വരുന്നത്. അതും പ്രേക്ഷകരിലേക്ക് വേണ്ട പോലെ എത്താൻ സാധിച്ചിട്ടുണ്ട്. ആളുകളിലേക്ക് സിനിമയെ കുറിച്ചുള്ള ആദ്യത്തെ സൂചന എങ്ങനെ കൊടുക്കണം എന്ന് ആലോചിച്ചിരുന്നു. ഉദ്ദേശിച്ച രീതിയിൽ തന്നെ അത് നടന്നു. സ്പെഷ്യൽ സൈക്കോളജികൾ സുഷിന്റെ ഗാനങ്ങളിൽ എപ്പോഴും ഉണ്ടാകാറുണ്ടെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.















