ന്യൂഡൽഹി: ദേശീയ വനിതാ കമ്മീഷൻ (എൻസിഡബ്ല്യു) അദ്ധ്യക്ഷയായി വിജയ കിഷോർ രഹാട്കറിനെ നിയമിച്ച് കേന്ദ്രം. ഓഗസ്റ്റ് 6 ന് രേഖാ ശർമ്മയുടെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് പുതിയ നിയമനം. 1990-ലെ ദേശീയ വനിതാ കമ്മീഷൻ ആക്ടിന്റെ സെക്ഷൻ 3 പ്രകാരം 3 വർഷത്തേക്കാണ് നിയമനം. വിജയ കിഷോർ ഉടൻ തന്നെ ചുമതലയേൽക്കുമെന്നും കേന്ദ്രം ശനിയാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം ഗസറ്റിൽ പ്രസിദ്ധീകരിക്കും.
നിലവിൽ ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) ദേശീയ സെക്രട്ടറിയും പാർട്ടിയുടെ രാജസ്ഥാൻ ഘടകത്തിന്റെ സഹ-ഇൻചാർജുമാണ് വിജയ കിഷോർ രഹാട്കർ. ബിജെപി മഹിളാ മോർച്ചയുടെ ദേശീയ പ്രസിഡന്റായിരുന്നു. കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളായി പാർട്ടിക്കുള്ളിൽ പ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
പൂനെ സർവകലാശാലയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദവും ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും സയൻസിൽ ബിരുദവും നേടി. മഹാരാഷ്‌ട്രയിലെ ഔറംഗബാദ് ജില്ലക്കാരിയാണ്. രാഷ്‌ട്രീയ പശ്ചാത്തലങ്ങളൊന്നുമില്ലാതെ1995-ൽ ബൂത്ത് വർക്കറായി ബി.ജെ.പിയിൽ ചേർന്ന വിജയ കിഷോർ ക്രമേണ ബിജെപിയുടെ നേതൃനിരയിലേക്കെത്തി.
വിജയ കിഷോറിനോടൊപ്പം ദേശീയ വനിതാ കമ്മീഷനിലേക്ക് പുതിയ അംഗങ്ങളെയും സർക്കാർ നിയമിച്ചിട്ടുണ്ട്. ഡോ. അർച്ചന മജുംദാറിനെ മൂന്ന് വർഷത്തേക്ക് കമ്മീഷൻ അംഗമായി നിയമിച്ചതായി വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ ഔദ്യോഗിക അറിയിപ്പിൽ പറഞ്ഞു.















