45 കാരിയുടെ ശരീരത്തിൽ നിന്നും 12 വർഷം മുമ്പ് മറന്നുവെച്ച കത്രിക നീക്കം ചെയ്തു. സീക്കിമിന്റെ തലസ്ഥാനമായ ഗാംഗ്ടോക്കിലാണ് സംഭവം നടന്നത്. കടുത്ത വയറുവേദനയെ തുടർന്ന് നടത്തിയ എക്സറേ പരിശോധനയിലാണ് ശസ്ത്രക്രിയ ഉപകരണം കണ്ടെത്തിയത്.
2012-ൽ യുവതി അപ്പെൻഡിക്സ് ശസ്ത്രക്രിയയ്‌ക്ക് വിധേയയായിരുന്നു. ഗാംഗ്‌ടോക്കിലെ സർ തുതോബ് നംഗ്യാൽ മെമ്മോറിയൽ ആശുപത്രിയിലായിരുന്നു സർജറി. ശസ്ത്രക്രിയയ്‌ക്ക് ശേഷം യുവതിക്ക് അടിവയറ്റിൽ വേദന ശക്തമായി. വയറ്റിലെ തുന്നലിന്റെ പ്രശ്നമാണെന്നാണ് ആദ്യം കരുതിയത്. വിവിധ ഡോക്ടർമാരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. വേദന കൂടുമ്പോൾ വേദനസംഹാരി കഴിച്ചാൽ മതിയെന്ന ഉപദേശമാണ് ഡോക്ടർമാർ നൽകിയത്.
ഒടുവിൽ ഒക്ടോബർ 8 ന്, യുവതി ഭർത്താവും വീണ്ടും മുൻപ് അപ്പെൻഡിക്സ് ശസ്ത്രക്രിയ നടത്തിയ ആശുപത്രിയിൽ എത്തി. സീനിയർ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം നടത്തിയ വിശദ പരിശോധനയിലാണ് കത്രിക കണ്ടെത്തിയത്. ഉടൻ തന്നെ കത്രിക പുറത്തെടുക്കാനുള്ള ശാസ്ത്രക്രിയ നടത്തുകയും ചെയ്തു. വാർത്ത പുറത്ത് വന്നതോടെ ആശുപത്രിക്കെതിരെ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു.















