പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിന്റെ സ്ഥാനാർത്ഥിത്വത്തോടെ പാലക്കാട്ടെ കോൺഗ്രസിൽ ഉണ്ടായ പൊട്ടിത്തെറി പുതിയ തലങ്ങളിലേക്ക് വ്യാപിക്കുന്നു. കോണ്‍ഗ്രസ് പുറത്താക്കിയ എ കെ ഷാനിബ് വിമതനായി മത്സരിക്കുമെന്ന് പ്രസ്താവിച്ചു. ഇന്നുവൈകുന്നേരത്തോടെ തീരുമാനം പ്രഖ്യാപിക്കും.
പാലക്കാട് മണ്ഡലത്തിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്നും ഇന്ന് തീരുമാനം എടുക്കുമെന്നും എകെ ഷാനിബ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തുകയായിരുന്നു പറഞ്ഞു. ഒരുപാട് പ്രവർത്തകർ തന്നെ വിളിക്കുന്നുണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിന്റെ ചിത്രം പ്രൊഫൈൽ ആക്കിയ ആള് വരെയുണ്ട് ആ കൂട്ടത്തിൽ എന്നും ഇനിയും കുറെ പേർ പുറത്ത് വരും എന്ന് ഷാനിബ് പറഞ്ഞു. പാർട്ടിക്കുള്ളിൽ നിന്ന് തന്നെ വിളിച്ചവരുമായി സംസാരിച്ച ശേഷമായിരിക്കും മത്സരകാര്യത്തിൽ തീരുമാനമെടുക്കുകയെന്നും ഷാനിബ് പറയുന്നു.
എ കെ ഷാനിബ് കൂടി മത്സര രംഗത്തേക്ക് എത്തുന്നതോടെ പാലക്കാട് ഉപതെരഞ്ഞെടുപ്പ് ചൂടേറിയ ചർച്ചയിലേക്ക് നീങ്ങുകയാണ്.
യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറിയായ എകെ ഷാനിബിനെ കോൺഗ്രസിൽ നിന്നും പുറത്താക്കിയിരുന്നു. സംഘടനാ വിരുദ്ധപ്രവർത്തനവും അച്ചടക്കലംഘനവും കാട്ടിയതിനെ തുടർന്ന് കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി പാലക്കാട് ജില്ലാ കമ്മിറ്റിയാണ് അറിയിച്ചത്.
കോൺഗ്രസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് എകെ ഷാനിബ് ഉന്നയിച്ചത്. ഉപതെരഞ്ഞെടുപ്പ് പ്രചാരണം നടന്നുകൊണ്ടിരിക്കെ സരിന് പിന്നാലെ എകെ ഷാനിബും പരസ്യമായി രംഗത്തുവന്നത് കോൺഗ്രസിനെ വെട്ടിലാക്കിയിരുന്നു. പാലക്കാട് ഒരു സമുദായത്തിൽപെട്ട നേതാക്കളെ കോൺഗ്രസ് പൂർണമായും തഴയുകയാണെന്നാണ് ഷാനിബ് വിമർശിച്ചത്. “ആ സമുദായത്തിൽ നിന്ന് താൻ മാത്രം മതി നേതാവെന്നാണ് ഷാഫി പറമ്പിലിന്റെ നിലപാട്. എതിർ നിലപാട് പറഞ്ഞാൽ ഫാൻസ് അസോസിയേഷൻകാരെക്കൊണ്ട് അപമാനിക്കും. ഷാഫി പറമ്പിലിനു വേണ്ടി യൂത്ത് കോൺഗ്രസ് തെരെഞ്ഞടുപ്പ് രീതി തന്നെ മാറ്റി. ഉമ്മൻ ചാണ്ടി അസുഖബാധിതനായതോടെയാണ് ഷാഫി പറമ്പിൽ കൂടുതൽ തലപൊക്കിയത്. രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കണമെന്ന് ഉമ്മൻചാണ്ടി ഷാഫി പറമ്പിലിനെ അറിയിച്ചു. ഷാഫി പറമ്പിൽ അത് അട്ടിമറിച്ച് വിഡി സതീശനൊപ്പം നിന്നു”. എ കെ ഷാനിബ് പറഞ്ഞു.















