പകരക്കാരനായി ഇറങ്ങി 11 മിനിറ്റിനുളളിൽ ഗ്രൗണ്ടിൽ മിന്നൽപിണറായി ഹാട്രിക് നേടി സൂപ്പർ താരം ലയണൽ മെസി. മേജർ ലീഗ് സോക്കറിൽ സ്വന്തം ക്ലബ്ബായ ഇന്റർ മിയാമിക്ക് വേണ്ടിയായിരുന്നു മെസിയുടെ തകർപ്പൻ പ്രകടനം. ന്യൂ ഇംഗ്ലണ്ട് റെവല്യൂഷൻ ആയിരുന്നു എതിരാളികൾ. മെസിയുടെ ഹാട്രിക് മികവിൽ ഇന്റർ മിയാമി 6-2 ന് വിജയിക്കുകയും ചെയ്തു.
ചൊവ്വാഴ്ച ബൊളീവിയയ്‌ക്കെതിരെ നടന്ന മത്സരത്തിലും അർജന്റീനയ്‌ക്ക് വേണ്ടി മെസി ഹാട്രിക് നേടിയിരുന്നു. ജൂലൈയിൽ നടന്ന കോപ്പ അമേരിക്ക കിരീട പോരാട്ടത്തിനിടെ മെസിയുടെ കണങ്കാലിന് പരിക്കേറ്റിരുന്നു. രണ്ട് മാസം കളിക്കളത്തിൽ നിന്ന്് വിട്ടുനിന്ന ശേഷമാണ് ഈ തിരിച്ചുവരവ്. പരിക്കും അർജന്റീനയുടെ മത്സരങ്ങളും മൂലം ഇന്റർമിയാമിയുടെ മേജർ ലീഗ് സോക്കറിലെ 15 കളികൾ മെസിക്ക് നഷ്ടമാകുകയും ചെയ്തിരുന്നു.
ഇതോടെ മേജർ സോക്കർ ലീഗിൽ മെസിയുടെ ഗോളുകൾ 19 കളികളിൽ നിന്ന് 20 എന്ന നിലയിലേക്ക് ഉയർന്നു. ലൂയിസ് സുവാരസ് 27 കളികളിൽ നിന്ന് 20 ഗോളുകളുമായി ഒപ്പമുണ്ട്.
ഈ വിജയത്തോടെ ഇന്റർമിയാമിയുടെ എംഎൽഎസിലെ പോയിന്റ് നിലയും റെക്കോർഡിലെത്തി. സീസണിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ടീമെന്ന റെക്കോഡാണ് സ്വന്തമാക്കിയത്. 74 പോയിന്റുകളാണുളളത്. ന്യൂ ഇംഗ്ലണ്ട് 2021 ൽ കുറിച്ച 73 പോയിന്റുകളെന്ന റെക്കോഡാണ് പഴങ്കഥയാക്കിയത്.
കളിയുടെ തുടക്കത്തിൽ ന്യൂ ഇംഗ്ലണ്ട് റെവല്യൂഷൻ ആയിരുന്നു ആധിപത്യം നേടിയിരുന്നത്. രണ്ടാം മിനിറ്റിൽ അർജന്റൈൻ വിംഗർ ലൂക്ക ലങ്കോണിയിലൂടെ അവർ മുന്നിലെത്തി. 34 ാം മിനിറ്റിൽ കൊളംബിയൻ താരം ഡൈലാൻ ബൊറേറോയിലൂടെ ലീഡ് ഉയർത്തി ഇന്റർമിയാമിയെ സമ്മർദ്ദത്തിലാക്കി. ഇതോടെ മെസിക്കായി ഗാലറിയിൽ ആരാധകരും മുറവിളി തുടങ്ങി. പക്ഷെ തുടരെ രണ്ട് ഗോളുകൾ നേടി ലൂയിസ് സുവാരസ് ഇന്റർ മിയാമിയെ ഒപ്പമെത്തിച്ചിരുന്നു. 40, 43 മിനിറ്റുകളിലായിരുന്നു സുവാരസിന്റെ ഗോളുകൾ.
58 ാം മിനിറ്റിൽ ബെഞ്ചമിൻ ക്രമാഷി ഇന്റർമിയാമിയെ മുന്നിലെത്തിച്ചു. ഇതിന് ശേഷമായിരുന്നു 78 ാം മിനിറ്റിൽ മെസിയുടെ ആദ്യ ഗോൾ. മൂന്ന് മിനിറ്റിനുളളിൽ രണ്ടാം ഗോളും മെസിയുടെ കാലുകളിൽ നിന്ന് പിറന്നു. 89 ാം മിനിറ്റിൽ സുവാരസിന്റെ സഹായത്തോട ഹാട്രിക് തികച്ചു.