കാസർകോട്: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തിൽ കാസർകോട് ഡിവൈഎഫ്‌ഐ മുൻ ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈയ്‌ക്കെതിരെ കൂടുതൽ പരാതികൾ. കർണാടകയിൽ അടക്കം ജോലി വാഗ്ദാനം ചെയ്ത് സച്ചിത പണം തട്ടിയെടുത്തതായി പൊലീസ് പറയുന്നു. തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിക്കപ്പെട്ട കാസർകോട് സ്വദേശിനി പരാതിപ്പെട്ടതോടെയാണ് സച്ചിതയ്‌ക്കെതിരായുള്ള മറ്റ് കേസുകൾ പുറത്തുവന്നത്.
കർണാടക എക്സൈസിൽ ജോലി വാഗ്ദാനം ചെയ്ത് ബാഡൂർ സ്വദേശിയിൽ നിന്ന് 1 ലക്ഷം രൂപ സച്ചിത തട്ടിയെടുത്തു. ഇതേ ജോലി വാഗ്ദാനം ചെയ്ത് കടമ്പാർ മൂഡംബയലിൽ താമസിക്കുന്ന മോക്ഷിത് ഷെട്ടിൽ നിന്നും ഇവർ പണം തട്ടിയെടുത്തിരുന്നു. മഞ്ചേശ്വരം, ബദിയടുക്ക പൊലീസ് സ്റ്റേഷനുകളിലാണ് പുതിയ പരാതികൾ രജിസ്റ്റർ ചെയ്തത്.
കേന്ദ്രീയ വിദ്യാലയത്തിൽ ജോലി വാഗ്ദാനം ചെയ്ത് ദേലംപാടി സ്വദേശി സുചിത്രയിൽ നിന്നും സച്ചിത പണം തട്ടിയെടുത്തു. 7,31,500 രൂപയാണ് അദ്ധ്യാപികയായി നിയമനം നൽകാമെന്ന് പറഞ്ഞ് ഇവർ തട്ടിയെടുത്തത്. ജനുവരി മുതൽ ജൂൺ വരെ സച്ചിതയ്‌ക്ക് അടവുകളായി പണം നൽകുകയായിരുന്നുവെന്ന് സുചിത്രയുടെ പരാതിയിൽ പറയുന്നു. അതേസമയം തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ സച്ചിത മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും കോടതി തള്ളുകയായിരുന്നു.