ന്യൂഡൽഹി: സാധാരണക്കാരനും ആകാശ യാത്ര സാധ്യമാക്കുന്ന ഉഡാൻ പദ്ധതിക്ക് ഇന്ന് എട്ട് വർഷം. പ്രാദേശികമായി വ്യോമ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനും വിമാന യാത്രകള്‍ കൂടുതല്‍ ജനകീയമാക്കുന്നതിനുമായി 2016 ഒക്ടോബർ 21നാണ് വ്യോമയാന മന്ത്രാലയം പദ്ധതിക്ക് തുടക്കമിട്ടത്.
ഉഡേ ദേശ് കാ ആം നാഗ്രിക് (Ude Desh ka Aam Naagrik) എന്ന് പേരിട്ട പദ്ധതിയുടെ ആദ്യ വിമാനം 2017 ഏപ്രിൽ 27 ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ഷിംലയിൽ നിന്നും ഡൽഹിയിലേക്കായിരുന്നു കന്നി സർവ്വീസ്.
നിലവിൽ ഉഡാൻ പദ്ധതിക്ക് കീഴിൽ 617 റൂട്ടുകളാണ് ഉള്ളത്. ഇതിൽ 62 എണ്ണം ഹെലികോപ്ടർ റൂട്ടുകളാണ്. ഇതിൽ 28 ശതമാനം ദ്വീപ് പ്രദേശങ്ങളിലേക്കും ഹിമാലയത്തിലേക്കുമാണ് സർവ്വീസ് നടത്തുന്നത്. വിനോദസഞ്ചാരം, വിദ്യാഭ്യാസം, തീർത്ഥാടനം എന്നീ മേഖലകളിൽ വൻ കുതിച്ച് ചാട്ടത്തിനാണ് പദ്ധതി വഴിയൊരുക്കിയത്. ട്രെയിൻ യാത്രയുടെ നിരക്കിലുള്ള ആകാശയാത്ര ഉഡാനെ ജനപ്രീയമാക്കി. മുൻപ് എട്ട് മുതൽ 12 മണിക്കൂറ്‍ വരെ യാത്ര വേണ്ട റൂട്ടിൽ എയർലൈൻ വന്നതോടെ യാത്ര സമയവും ലഭിക്കാനായി.
ഉഡാൻ പദ്ധതിക്ക് കീഴിൽ നിരവധി വിമാനത്താവളങ്ങളാണ് കേന്ദ്രസർക്കാർ നിർമ്മിച്ചത്. കൂടാതെ പ്രവർത്തനരഹിതമായവ പുനരുജ്ജീവിപ്പിക്കുകയും ചെയ്തു. 2014-ൽ രാജ്യത്തെ ആകെ വിമാനത്താവളങ്ങളുടെ എണ്ണം 74 ആയിരുന്നത് 2024-ൽ 157 ആയി . 2047 ആകുമ്പോഴേക്കും 400 ആയി ഉയർത്താനുള്ള ശ്രമങ്ങളിലാണ് കേന്ദ്രസർക്കാർ. വടക്കുകീഴക്കൻ സംസ്ഥാനങ്ങളിൽ എയർലൈൻ കണക്റ്റിവിറ്റി വർദ്ധിപ്പിച്ചതും ഉഡാന്റെ പ്രധാന നേട്ടമാണ്. ഇതോടെ കൂടുതൽ വിനോദസഞ്ചാരികളും തീർത്ഥാടകരും ഇവിടങ്ങളിലേക്ക് എത്തിതുടങ്ങി.
രാജ്യത്തെ പ്രാദേശീക എയർലൈനുകളായ ഇന്ത്യ വൺ എയർ, ഫ്ലൈ 91, സ്റ്റാർ എയർ തുടങ്ങിവയ്‌ക്ക് ഉഡാൻ പദ്ധതി ഊർജ്ജമേകി. ഇതിന് പുറമേ വമ്പൻമാരായ ഇൻഡിഗോ, സ്പൈസ് ജെറ്റ്, ജെറ്റ് എയർ വേയ്സ് എന്നിവയും പദ്ധതിയുടെ ഭാഗമാണ്. ഏതാനും വർഷം മുമ്പും വരെ സാധാരണക്കാരന് വിമാനയാത്ര വെറും സ്വപ്നം മാത്രമായിരുന്നു. എന്നാൽ നരേന്ദ്രമോദി സർക്കാർ ഉഡാൻ കൊണ്ടുവന്നതോടു കൂടി അതും സാധ്യമായി.















