പാലക്കാട്: ഒന്നിച്ച് നിന്ന് ഒരു പ്ലേറ്റിൽ നിന്നുള്ള ബിരിയാണി കഴിക്കൽ വെറും സൂത്രപ്പണിയാണെന്ന് പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥി പി. സരിന്റെ വെളിപ്പെടുത്തൽ. “അതൊക്കെ സൂത്രപ്പണികളാണടോ, എത്രയേത്ര കാര്യങ്ങൾ അങ്ങനെ വരാൻ കിടക്കുന്നുവെന്നു”, സരിൻ പറയുന്നു. പാലക്കാട് ഒരു ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കവേ തന്നെ സമീപിച്ച മാദ്ധ്യമ പ്രതിനിധിയോടാണ് സ്ഥാനാർത്ഥിയുടെ പ്രതികരണം. ഒരു പ്ലേറ്റിൽ നിന്നുള്ള ബിരിയാണി കഴിക്കൽ സിപിഎമ്മിന്റെ ഐക്യം, സ്ഥാനാർത്ഥിയുടെ മഹത്വം എന്നൊക്കെ വാഴ്‌ത്തപ്പെടുന്നതിനിടെയാണ് പുതിയ ട്വിസ്റ്റ്
കഴിഞ്ഞ ദിവസം പ്രചാരണ പരിപാടിക്കിടെ ഒരു സ്ത്രീ ഒരു പ്‌ളേറ്റ് പാലക്കാടൻ ബിരിയാണി സരിന് കൊടുക്കുന്നുണ്ട്. അതിനിടെ ഒരാൾ വേറെ പ്ലേറ്റ് കൊടുക്ക്, സ്പൂൺ കൊടുക്ക് എന്നും പറയുന്നുണ്ട്. പ്ലേറ്റ് ഒന്നും വേണ്ട ഇത് മതിയെന്ന് സരിനും പറഞ്ഞു. പിന്നാലെ എസ്എഫ്ഐ നേതാവ് ആർഷോയും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വസീഫും സരിനും ഒരു പ്ലേറ്റിൽ നിന്ന് കഴിക്കുന്നതും കാണാം. ഇതിനിടെ വീഡിയോ എടുക്കാനാണെന്നും എല്ലാവരും അടുത്ത് നിൽക്കെന്ന തരത്തിലുള്ള സംസാരവും പ്രചരിച്ച വീഡിയോയിലുണ്ട്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഇതിന് പിന്നാലെയാണ് ഇതൊക്കെ ട്രോള് നേടാനായുള്ള അടവായിരുന്നു എന്നും പാലക്കാട്ടെ വോട്ടർമാരെ പറ്റിക്കാനുള്ള സൂത്രപ്പണിയാണെന്നും സോഷ്യൽ മീഡിയയിൽ വൈറലാകാനുള്ള തന്ത്രമാണെന്നും സരിൻ സമ്മതിച്ചത്. അടുത്ത നമ്പറുമായി ഇറങ്ങുമെന്ന മുന്നറിയിപ്പും സരിൻ നൽകുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ വൈറൽ ആകാൻ എന്ത് ചെയ്യണം എന്ന് തനിക്ക് അറിയാമെന്നും പി സരിൻ പറയുന്നു. പാലക്കാട്ടെ വോട്ടർമാരുടെ കണ്ണിൽ പൊടിയിടാനുള്ള പി സരിന്റെ വേലത്തരങ്ങൾ ഇനി എത്രവരെ പോകുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും.















