റിയാദ്: സൗദി ബാലന്‍ മരിച്ച കേസിൽ 18 വര്‍ഷമായി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും വൈകും. മോചനത്തിനായി ഇന്ന് റിയാദ് ക്രിമിനൽ കോടതി സിറ്റിംഗ് അനുവദിച്ചിരുന്നു. എന്നാൽ പിന്നീട് മറ്റൊരു ബഞ്ച് വിധി പുറപ്പെടുവിയ്‌ക്കുമെന്ന് കോടതി അറിയിക്കുകയായിരുന്നു.
സൗദി ബാലന്‍ മരിച്ച കേസിൽ ദയാധനം സ്വീകരിച്ച് കുടുംബം മാപ്പ് നല്‍കിയതോടെയാണ് അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദാക്കിയത്. അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവ് ഇന്ന് ഉണ്ടാകുമെന്നായിരുന്നു കുടുംബത്തിന്റെ പ്രതീക്ഷ. എന്നാൽ മറ്റൊരു ബഞ്ച് വിധി പുറപ്പെടുവിയ്‌ക്കുമെന്ന് കോടതി അറിയിക്കുകയായിരുന്നു.
ഏത് ബഞ്ചാണ് കേസ് പരിഗണിക്കേണ്ടതെന്ന് 22-ന് ചീഫ് ജഡ്ജ് അറിയിക്കും. പബ്ലിക് പ്രോസിക്യൂഷന്റെ വാദങ്ങളാണ് മോചനത്തിന് പരിഗണിക്കുക. ഇത് സംബന്ധിച്ച് സത്യവാങ്മൂലം പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇന്ന് മോചനം സംബന്ധിച്ച വിശദാംശങ്ങള്‍ കോടതി പരിശോധിച്ചു. നടപടി ക്രമങ്ങളെല്ലാം പൂർത്തിയായ സ്ഥിതിയ്‌ക്ക് ഏറ്റവും അടുത്ത ദിവസങ്ങളിൽ തന്നെ മോചന ഉത്തരവുണ്ടാകുമെന്നാണ് കുടുംബം പ്രതീക്ഷിക്കുന്നത്.