കേന്ദ്രമന്ത്രിയും മലയാളത്തിലെ സൂപ്പർ താരവുമായ സുരേഷ് ഗോപിയുടെയും ചെറുപ്രായത്തിലെ നഷ്ടമായ മകൾ ലക്ഷ്മിയുടെയും ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അഞ്ചുമക്കളിൽ മൂത്തമകളായ ലക്ഷ്മിയുടെ വിയോഗം എന്നും അദ്ദേഹത്തിനൊരു തീരാ നോവാണ്. കാറപകടത്തിൽ കുഞ്ഞു ലക്ഷ്മി മരിക്കുമ്പോൾ ഒന്നര വയസായിരുന്നു പ്രായം. ഓരോ തവണയും ലക്ഷ്മിയുടെ ഓർമകളിലേക്ക് പോകുമ്പോൾ സുരേഷ് ഗോപി എന്ന പിതാവിന്റെ കണ്ണുകൾ ഈറനണിയാറുണ്ട്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായ ലക്ഷ്മിയുടെയും സുരേഷ്ഗോപിയുടെയും ഒരു ചിത്രമാണ് ഏവരുടെയും ശ്രദ്ധയാകർഷിക്കുന്നത്. ഇന്ന് ലക്ഷ്മി ജീവനോടെയുണ്ടായിരുന്നെങ്കിൽ എങ്ങനെയാകും ഉണ്ടായിരിക്കുക എന്നുള്ളതാണ് ചിത്രം. 34-കാരിയായ ലക്ഷ്മി പിതാവിനൊപ്പം നിൽക്കുന്ന ചിത്രമാണ് ആർട്ടോമാനിക് എന്ന ഇൻസ്റ്റഗ്രാം പേജിൽ പ്രത്യക്ഷപ്പെട്ടത്. ഡിജിറ്റൽ ആർട് രൂപമായിരുന്നു. അബ്ദു ഡിജിറ്റൽ ആർട്ടാണ് ചിത്രം ഡിസൈൻ ചെയ്ത് സൃഷ്ടിച്ചിരിക്കുന്നത്. പലരും ചിത്രം സുരേഷ്ഗോപിക്കും മാധവിനും ഗോകുലിനുമൊക്കെ ടാഗ് ചെയ്യുന്നുണ്ട്.