മുംബൈ: മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളി ജില്ലയിൽ തിങ്കളാഴ്ച പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നക്‌സലൈറ്റുകളുടെ എണ്ണം അഞ്ചായതായി സ്ഥിരീകരിച്ചു. ഛത്തീസ്ഗഡിലെ നാരായൺപൂരിലെ അതിർത്തി പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നതെന്ന് ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയോട് പറഞ്ഞു.
ഗഡ്ചിറോളി പോലീസിന്റെയും സിആർപിഎഫ് ടീമിന്റെയും സി60 കമാൻഡോ സംഘമാണ് ഓപ്പറേഷൻ നടത്തിയത്. കിഴക്കൻ മഹാരാഷ്‌ട്രയിലെ ഭമ്രഗഢ് താലൂക്കിലെ വനത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. നവംബർ 20ന് നടക്കുന്ന തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് മഹാരാഷ്‌ട്ര-ഛത്തീസ്ഗഡ് അതിർത്തിയിലെ വനത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി നക്‌സലൈറ്റ് സംഘം തമ്പടിച്ചിരിക്കുകയായിരുന്നെന്ന് പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
മാവോയിസ്റ്റുകൾ തങ്ങിയിരുന്ന പ്രദേശത്ത് പോലീസും സിആർപിഎഫ് ഉദ്യോഗസ്ഥരും എത്തിയ ഉടൻ നക്‌സലൈറ്റുകൾ വിവേചനരഹിതമായി വെടിയുതിർക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ തിരിച്ചടിച്ചപ്പോഴുണ്ടായ വെടിവെപ്പിൽ അഞ്ച് മാവോയിസ്റ്റുകൾ കൊല്ലപ്പെടുകയായിരുന്നു.
വനത്തിൽ തിരച്ചിൽ തുടരുകയാണ്. കൊല്ലപ്പെട്ട നക്‌സലൈറ്റുകളുടെ വിവരങ്ങൾ ചൊവ്വാഴ്ച ഗഡ്ചിറോളിയിൽ നടക്കുന്ന വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തുമെന്നും പൊലീസ് പറയുന്നു.