ന്യൂഡൽഹി: പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നടപ്പു സാമ്പത്തിക വർഷം സംസ്ഥാനത്ത് 1.97 ലക്ഷം വീടുകൾക്ക് കേന്ദ്ര അനുമതി. ഇതിൽ 60,000 വീടുകൾ പട്ടിക വിഭാഗക്കാർക്കാണ്. ഇതിന്റെ ആദ്യഗഡുവായി 64 കോടിയും കേന്ദ്രസർക്കാർ അനുവദിച്ചു.
നിലവിൽ സംസ്ഥാനത്ത് പിഎംഎവൈ വീടുകൾ നിർമിച്ച് നൽകുന്നത് ലൈഫ് മിഷനിലൂടെയാണ്. കഴിഞ്ഞ ബജറ്റിൽ പിഎംഎവൈക്ക് കൂടുതൽ തുക കേന്ദ്രസർക്കാർ മാറ്റിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനം ആവശ്യപ്പെടാതെ തന്നെ ഇത്രയധികം വീടുകൾക്ക് അനുമതി നൽകിയത്.
2019 ൽ കേന്ദ്ര ഗ്രാമവികസനവകുപ്പ് നടത്തിയ സർവേ പ്രകാരം സംസ്ഥാനത്ത് 2,14,124 പേരെയാണ് കേന്ദ്രസർക്കാർ ഗുണഭോക്താക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതിൽ 13,114 പേർക്ക് 2021-22 സാമ്പത്തികവർഷത്തിൽ വീട് അനുവദിച്ചു. കണക്കുപ്രകാരം 2,01,010 പേർക്കാണ് ഇനി വീടുലഭിക്കാനുള്ളത്. രണ്ടുലക്ഷത്തോളം വീടുകൾ ഇപ്പോൾ അനുവദിച്ചിട്ടുള്ളതിനാൽ പുതിയ അപേക്ഷകർക്കും വീടുലഭിക്കാൻ വഴി തുറക്കും.