കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുക, പി.പി ദിവ്യയെ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി എൻ.ജി.ഒ സംഘ് കണ്ണൂർ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി മുരളീധരൻ ഉദ്ഘാടനം ചെയ്തു.
കേസിൽ പ്രതിചേർക്കപ്പെട്ട പി.പി. ദിവ്യയെ അറസ്റ്റു ചെയ്യാത്തത് ജാമ്യം ലഭിക്കുന്നതിന് വേണ്ടി സി.പി.എമ്മും പൊലീസും നടത്തുന്ന ഒത്തുകളിയാണെന്ന് പി മുരളീധരൻ ചൂണ്ടിക്കാട്ടി. ഭരണ തലത്തിലും പോലീസിലും പ്രതികൾക്ക് സ്വാധീനമുള്ളതുകൊണ്ട് ജില്ലയിലെ സർക്കിൾ ഇൻസ്‌പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിച്ചാൽ നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി ലഭിക്കില്ല. ജുഡിഷ്യൽ അന്വേഷണവും പെട്രോൾപമ്പ് ഇടപാടിലെ സാമ്പത്തിക സ്രോതസിനെക്കുറിച്ച് ഇ.ഡി അന്വേഷണവും നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എഡിഎം നവീൻ ബാബുവിനെതിരെ വ്യാജപരാതി ഉന്നയിച്ച ദിവ്യയോടൊപ്പം കൂട്ടുപ്രതിയായ ടി.വി. പ്രശാന്തനെ പരിയാരം മെഡിക്കൽ കോളേജിൽ നിന്നും പുറത്താക്കണമെന്നും പി മുരളീധരൻ ആവശ്യപ്പെട്ടു. പി. ദിവ്യയുടെ അറസ്റ്റ് വൈകുന്നതുമായി ബന്ധപ്പെട്ട വിമർശനങ്ങൾ ശക്തമാകുന്നതിനിടെയാണ് വിഷയത്തിൽ പ്രതിഷേധം ശക്തമാക്കി എൻജിഒ സംഘ് രംഗത്തെത്തിയത്. അടുത്ത ദിവസം പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുൻപിലും എൻജിഒ സംഘ് പ്രതിഷേധവും പ്രകടനവും നടത്താനിരിക്കുകയാണ്.