ന്യൂഡൽഹി: ഇന്ത്യയുടെ ആധാർ സംവിധാനത്തെ പ്രശംസിച്ച് പ്രശസ്ത സാമ്പത്തിക വിദഗ്ധനും നൊബേൽ സമ്മാന ജേതാവുമായ പ്രൊഫ. പോൾ മൈക്കൽ റോമർ. ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സാങ്കേതിക കണ്ടുപിടുത്തമാണ് ആധാർ. സർക്കാർ ആനുകൂല്യങ്ങൾ നേരിട്ട് ജനങ്ങളിലേക്കെത്തിക്കുന്നതിൽ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാൻ ആധാറിന് കഴിഞ്ഞുവെന്നും പോൾ റോമർ പറഞ്ഞു. എൻഡി ടിവി വേൾഡ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുനന്മയ്‌ക്കായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലുള്ള ഇന്ത്യൻ സർക്കാരിന്റെ ക്രിയാത്മകമായ സമീപനമാണ് ആധാറിന്റെ വിജയത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം അമേരിക്ക പോലുള്ള പാശ്ചാത്യ രാജ്യങ്ങളിൽ ഇങ്ങനെയൊരു സംവിധാനമില്ല. അവിടെ സ്വകാര്യമേഖലയിലെ കുത്തകകളാണ് സമാന സംരംഭങ്ങൾക്ക് തടസം നിൽക്കുന്നത്. ആധാർ ഒരു സർക്കാർ നിയന്ത്രിത പ്ലാറ്റ്ഫോമാണ്. അതുകൊണ്ടുതന്നെ സർക്കാർ സേവനങ്ങളും ആനുകൂല്യങ്ങളും കാര്യക്ഷമവും സുതാര്യവുമായി ജനങ്ങളിലേക്കെത്തുന്നുവെന്നും പോൾ റോമർ ചൂണ്ടിക്കാട്ടി.
നിയമപരമായ വെല്ലുവിളികൾ നേരിട്ടെങ്കിലും ആധാർ നടപ്പിലാക്കുന്നതിൽ ഇന്ത്യൻ സർക്കാർ ഉറച്ചുനിന്നു. ഇത് സാങ്കേതിക പുരോഗതിയോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയാണ് പ്രകടമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പാശ്ചാത്യ രാജ്യങ്ങളിലെ നിയമ വ്യവസ്ഥയിൽ സാധാരണക്കാർ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും പോൾ റോമർ കൂട്ടിച്ചേർത്തു. ലോകബാങ്കിന്റെ മുൻ ചീഫ് ഇക്കണോമിസ്റ്റ് കൂടിയാണ് പ്രഫ. പോൾ മൈക്കൽ റോമർ















