ന്യൂഡൽഹി:വഖഫ് ബില്ലിനെക്കുറച്ച് ചർച്ച ചെയ്യാൻ ചേർന്ന സംയുക്ത പാർലമെന്ററി സമിതിയുടെ യോഗത്തിൽ കയ്യാങ്കളിയുമായി തൃണമൂൽ എംപി. പാർട്ടി എംപിയായ കല്യാൺ ബാനർജിയാണ് വാഗ്വാദത്തിനിടെ വെളളം നിറച്ചുവെയ്‌ക്കുന്ന ചില്ലുകുപ്പി മേശയിൽ എറിഞ്ഞു പൊട്ടിച്ചത്. കുപ്പിയുടെ ഗ്ലാസ് പൊട്ടി കല്യാൺ ബാനർജിയുടെ കൈയ്യിൽ തറച്ച് മുറിവേൽക്കുകയും ചെയ്തു.
ചില്ലുകുപ്പി എറിഞ്ഞുടച്ചതിന് പിന്നാലെ പാർലമെന്ററി സമിതിയുടെ ചെയർപേഴ്‌സണും എംപിയുമായ ജഗദംബികാ പാലിന് നേരെ അസഭ്യവർഷവും നടത്തി. സംഭവത്തെ തുടർന്ന് ശിക്ഷാ നടപടിയായി സംയുക്ത പാർലമെന്ററി സമിതിയുടെ ഒരു യോഗത്തിൽ നിന്ന് കല്യാൺ ബാനർജിയെ സസ്‌പെൻഡ് ചെയ്തു. ലോക്‌സഭാ ചട്ടം 261, 374(1)(2) പ്രകാരമാണ് കല്യാൺ ബാനർജിയെ സസ്‌പെൻഡ് ചെയ്തത്.
സസ്‌പെൻഡ് ചെയ്യാനുളള പ്രമേയം വോട്ടിനിട്ടപ്പോൾ ഒൻപത് പേർ അനുകൂലിച്ചു. എട്ട് പേർ നടപടിയെ എതിർത്തു. ബിജെപി എംപി അഭിജിത് ഗംഗോപാധ്യായയുമായി നടന്ന വാക്കുതർക്കമാണ് കല്യാൺ ബാനർജിയുടെ ക്ഷമ നശിപ്പിച്ചത്.
വഖഫ് ബില്ലിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് റിട്ടയേർഡ് ജഡ്ജിമാരുടെയും അഭിഭാഷകരുടെയും അഭിപ്രായങ്ങൾ കേൾക്കുന്നതിനിടെയാണ് പ്രതിപക്ഷ അംഗങ്ങൾ ബഹളമുണ്ടാക്കിയത്. അവർക്ക് ബില്ലിൽ എന്ത് കാര്യമെന്ന് ചോദിച്ചായിരുന്നു നടപടികൾ അലങ്കോലപ്പെടുത്താൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം ന്യൂനപക്ഷകാര്യമന്ത്രാലയത്തിൽ നിന്നുളള ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങളും സമിതി കേട്ടിരുന്നു.
ബില്ല് രാഷ്‌ട്രീയ പ്രേരിതമാണെന്ന് ആയിരുന്നു പ്രതിപക്ഷ അംഗങ്ങളുടെ വാദം. എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി ഉൾപ്പെടെയുളളവരും ഉണ്ടായിരുന്നു. ബില്ലിനെ വിമർശിച്ച് ഒരു മണിക്കൂറോളം ഒവൈസി സംസാരിച്ചിരുന്നു. മുസ്ലീം ലീഗ് എംപിമാരുടെ പ്രതിനിധിസംഘം ഉൾപ്പെടെ ബില്ലിനെക്കുറിച്ച് അഭിപ്രായം അറിയിക്കാൻ എത്തിയിരുന്നു. എന്നാൽ വഖഫ് സ്വത്തുക്കളുടെ പരിപാലനത്തിൽ സുതാര്യത കൊണ്ടുവരാൻ ബില്ല് അനിവാര്യമാണെന്ന നിലപാടാണ് ഭരണപക്ഷ അംഗങ്ങൾ സ്വീകരിച്ചത്.