ഫോഗട്ട് കുടുംബത്തിന്റെ കഥയാണ് ആമിർ ഖാൻ ചിത്രം ദംഗൽ പറഞ്ഞത്. 2016 ഡിസംബർ 23 ബിഗ് സ്ക്രീനിലെത്തിയ ചിത്രം ബോക്സോഫീസിൽ തരംഗമായിരുന്നു. ആഗോളതലത്തിൽ ചിത്രം 2024 കോടി രൂപയാണ് നേടിയത്. തന്റെ കുടുംബത്തിന് ആമിർ ഖാൻ നൽകിയ രൂപയെത്രയെന്ന് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തിൽ നടത്തിയിരിക്കുകയാണ് മുൻ ഗുസ്തി താരവും ബിജെപി പ്രവർത്തകയുമായ ബബിത ഫോഗട്ട്.
ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അവർ തുറന്നുപറച്ചിൽ നടത്തിയത്. 2000 കോടി രൂപയിൽ നിന്ന് ഒരു കോടി രൂപ മാത്രമാണ് തങ്ങളുടെ കുടുംബത്തിന് ലഭിച്ചതെന്നാണ് ബബിതയുടെ വെളിപ്പെടുത്തൽ. ഇതുകേട്ട് അവതാരക അമ്പരക്കുന്നതും കാണാം. നിതേഷ് തിവാരി സംവിധാനം ചെയ്ത ചിത്രം ആമിറും കിരൺ റാവുവും സിദ്ധാർത്ഥ് റോയ് കപൂറും ചേർന്നാണ് നിർമിച്ചത്.
തന്റെ പെൺമക്കളായ ഗീതയെയും ബബിത കുമാരിയെയും പ്രൊഫഷണൽ ഗുസ്തിക്കാരാക്കാൻ പരിശീലിപ്പിക്കുന്ന മഹാവീർ ഫോഗട്ട് എന്ന കഥാപാത്രത്തെയാണ് ആമിർ അവതരിപ്പിച്ചത്. സാക്ഷി തൻവാർ,ഫാത്തിമ സനാ ഷെയ്ഖ്, സൈറ വസിം,സാന്യ മൽഹോത്ര, അപർ ശക്തി ഖുറാന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.