ടെൽഅവീവ്: മൂന്ന് ആഴ്ചകൾക്ക് മുൻപ് ബെയ്‌റൂട്ടിൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ള നേതാവ് ഹാഷിം സഫിദ്ദീനെ വധിച്ചതായി ഇസ്രായേൽ സൈന്യം. ഹിസ്ബുള്ള നേതാവ് ഹസൻ നസ്രല്ല കൊല്ലപ്പെട്ടതിന് പിന്നാലെ നസ്രല്ലയുടെ പിൻഗാമിയായി ഭീകരസംഘടനയുടെ നേതൃസ്ഥാനത്തേക്ക് ഹാഷിം സഫിദ്ദീൻ എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനിടെയാണ് ഹാഷിം സഫിദ്ദീനെ വധിച്ചുവെന്ന വിവരം ഇസ്രായേൽ സ്ഥിരീകരിച്ചിരിക്കുന്നത്.
ഹിസ്ബുള്ളയുടെ എക്‌സിക്യുട്ടീവ് കൗൺസിൽ മേധാവി കൂടിയാണ് ഹാഷിം സഫിദ്ദീൻ. ഇയാൾക്ക് പുറമെ ഹിസ്ബുള്ളയുടെ ഇന്റലിജൻസ് ഡയറക്ടറേറ്റ് തലവൻ അലി ഹുസൈൻ ഹസിമ, നിരവധി ഹിസ്ബുള്ള കമാൻഡർമാർ എന്നിവരും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. നസ്രല്ലയേയും, അയാളുടെ പിൻഗാമിയേയും, നേതൃനിരയേയും ഇല്ലാതാക്കിയെന്ന് ഐഡിഎഫ് ചീഫ് ലെഫ്.ജനറൽ ഹെർസി ഹലേവിയും സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. എന്നാൽ ഹിസ്ബുള്ള ഇക്കാര്യത്തിൽ പ്രതികരണം നടത്തിയിട്ടില്ല.
ഈ മാസം എട്ടിന് ബെഞ്ചമിൻ നെതന്യാഹുവും ഹാഷിം സഫിദ്ദീന്റെ പേര് പരാമർശിക്കാതെ, ഇയാളെ ഇല്ലാതാക്കിയെന്ന പ്രസ്താവന നടത്തിയിരുന്നു. ഹസൻ നസ്രല്ലയേയും, അയാൾക്ക് പകരമെത്തിയ ആളേയും, ആയിരക്കണക്കിന് ഭീകരരേയും സൈന്യം ഇല്ലാതാക്കിയെന്നാണ് നെതന്യാഹു ലെബനനിലെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞത്.
ബെയ്‌റൂട്ടിൽ ദഹിയയിൽ ഹിസ്ബുള്ളയുടെ ഇന്റലിജൻസ് ആസ്ഥാനത്ത് മൂന്ന് ആഴ്ച മുൻപാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. ഏരിയൽ ഇന്റലിജൻസ് വിവരങ്ങൾ ശേഖരിക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ള ബിലാൽ സെയ്ബ് ഐഷ് ഉൾപ്പെടെ ഹിസ്ബുള്ളയുടെ 25ഓളം അംഗങ്ങളാണ് ആക്രമണസമയത്ത് ഇവിടെ ഉണ്ടായിരുന്നത്. ആക്രമണമുണ്ടായതിന് ശേഷം ഹാഷിം സഫിദ്ദീനുമായി ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ മാസം അവസാനമാണ് ഹസൻ നസ്രല്ലയെ ഇസ്രായേൽ സൈന്യം വധിച്ചത്. ഹസൻ നസ്രല്ലയുടെ ബന്ധു കൂടിയാണ് 60കാരനായ ഹാഷിം സഫിദ്ദീൻ.