ധാക്ക: പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജി വയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശിലെ പ്രസിഡൻഷ്യൽ പാലസ് ആയ ബംഗ ഭവൻ ഉപരോധിച്ച് കലാപകാരികൾ. ധാക്കയിലെ സെൻട്രൽ ഷഹീദ് മിനാറിൽ നടന്ന റാലിയിൽ പ്രസിഡന്റിന്റെ റാലി ഉൾപ്പെടെ അഞ്ച് ആവശ്യങ്ങളാണ് പ്രതിഷേധക്കാർ മുന്നോട്ട് വയ്‌ക്കുന്നത്. രാത്രിയോടെയാണ് സംഘം ബംഗ ഭവനിലേക്ക് നീങ്ങിയത്.
ഇതോടെ ബാരിക്കേഡ് ഉപയോഗിച്ച് സൈന്യം ഇവരെ തടയുകയായിരുന്നു. പ്രതിഷേധക്കാർ ബംഗ ഭവന് മുന്നിൽ നിലയുറപ്പിച്ചിരിക്കുകയാണ്. പ്രസിഡന്റ് എത്രയും വേഗം രാജിവച്ച് പുറത്തുപോകണമെന്ന ആവശ്യമാണ് പ്രതിഷേധക്കാർ മുന്നോട്ട് വയ്‌ക്കുന്നത്. ഷെയ്ഖ് ഹസീന സർക്കാരിനോട് കൂറു പുലർത്തിയിരുന്ന ആളാണ് മുഹമ്മദ് ഷഹാബുദ്ദീനെന്നും, അതിനാൽ രാജിവച്ചൊഴിയണമെന്നുമാണ് ഇവർ ആവശ്യപ്പെടുന്നത്.
ബംഗ്ലാദേശിന്റെ പതിനാറാമത്തെ പ്രസിഡന്റാണ് മുഹമ്മദ് ഷഹാബുദ്ദീൻ. 2023ൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അവാമി ലീഗ് ആണ് മുഹമ്മദ് ഷഹാബുദ്ദീന്റെ പേര് മുന്നോട്ട് വയ്‌ക്കുന്നത്. തുടർന്ന് എതിരില്ലാതെ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുകയായായിരുന്നു. 1972ൽ എഴുതപ്പെട്ട ഭരണഘടന തിരുത്തണമെന്നും, പുതിയ ഭരണഘടന എഴുതണമെന്നതുമാണ് കലാപക്കാർ മുന്നോട്ട് വയ്‌ക്കുന്ന മറ്റൊരു ആവശ്യം.
അവാമി ലീഗിന്റെ വിദ്യാർത്ഥി പ്രസ്ഥാനമായ ബംഗ്ലാദേശ് ഛത്ര ലീഗ് നിരോധിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. ഷെയ്ഖ് ഹസീനയുടെ സമയത്തുള്ള തെരഞ്ഞെടുപ്പുകളെ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും, ഈ തെരഞ്ഞെടുപ്പുകളിൽ വിജയിച്ച പാർലമെന്റ് അംഗങ്ങളെ അയോഗ്യരാക്കണമെന്നതുമാണ് മറ്റൊരു ആവശ്യം. ജൂലൈയില്‍ സർക്കാർ ജോലികളിലെ സംവരണം നിർത്തലാക്കണമെന്ന് ചൂണ്ടിക്കാട്ടി ആരംഭിച്ച പ്രക്ഷോഭം, പിന്നീട് സർക്കാർ വിരുദ്ധ പ്രതിഷേധമായി മാറുകയായിരുന്നു. പ്രതിഷേധം കനത്തതോടെ ഷെയ്ഖ് ഹസീന ഓഗസ്റ്റ് അഞ്ചിന് ബംഗ്ലാദേശിന്റെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്തു. പിന്നീട് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ രൂപീകരിക്കുകയും ചെയ്തു.