പാലക്കാട്: റെയിൽവേ സ്റ്റേഷനുകൾ ലോക നിലവാരത്തിലേക്ക് ഉയർത്താനുള്ള കേന്ദ്ര സർക്കാരിന്റെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി പാലക്കാട് ഡിവിഷനിൽ അതിവേഗം പുരോഗമിക്കുന്നു. 250 കോടി രൂപ ചെലവിൽ പാലക്കാട് ഡിവിഷനിലെ 16 സ്റ്റേഷനുകളാണ് നവീകരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനും യാത്രക്കാരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും സുസ്ഥിരത ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് നവീകരണം നടക്കുന്നത്.

ദക്ഷിണേന്ത്യയിലെ പ്രധാന സ്റ്റേഷനായ ഷൊർണൂർ ജംക്‌ഷന്റെ നവീകരണത്തിന് 15.4292 കോടി രൂപ ചെലവഴിക്കുന്നത്. പൊള്ളാച്ചി, അങ്ങാടിപ്പുറം, നിലമ്പൂർ, കുറ്റിപ്പുറം, ഫറോക്ക്, മാഹി, തലശ്ശേരി, കണ്ണൂർ, തിരൂർ, വടകര, പയ്യന്നൂർ, കാസർകോട് പരപ്പനങ്ങാടി, കോഴിക്കോട്, മംഗളൂരു സെൻട്രൽ സ്റ്റേഷനുകളും അമൃത് പദ്ധതിയിൽ നവീകരിക്കുന്നുണ്ട്. സ്റ്റേഷനുകളുടെ പ്രാധാന്യം, ആശ്രയിക്കുന്ന യാത്രക്കാർ, ട്രെയിനുകളുടെ എണ്ണം എന്നിവ അടിസ്ഥാനമാക്കിയാണ് സ്റ്റേഷനുകൾ തിരഞ്ഞെടുത്തത്.

നടപ്പാലങ്ങൾ, ലിഫ്റ്റുകൾ, യന്ത്രഗോവണികൾ, പാർക്കിങ് സൗകര്യം, ട്രെയിനുകളുടെ വരവും പോക്കും അറിയാൻ കഴിയുന്ന വിവരവിനിമയസംവിധാനം, പ്ലാറ്റ്‌ഫോമുകളുടെ നീളവും ഉയരവും കൂട്ടൽ, പ്ലാറ്റ്‌ഫോമുകളിൽ യാത്രക്കാർക്ക് കൂടുതൽ ഇരിപ്പിടങ്ങൾ, വിശ്രമമുറികൾ, നിരീക്ഷണക്യാമറ, ജനറേറ്ററുകൾ, മാലിന്യ സംസ്‌കരണം എന്നീ മേഖലകളിലാണ് നവീകരണം നടക്കുന്നത്.















